അച്ഛനുമമ്മയും കാണാമറയത്ത്, ഒന്നു കാണാൻ കൊതിച്ച് സുഹാസിനി
text_fieldsസുഹാസിനിയെ 2010ൽ തിരൂരിൽ കണ്ടെത്തിയപ്പോൾ ( ഫയൽ ഫോട്ടോ)
കോഴിക്കോട്: മഞ്ചുനാഥ്- പാഞ്ചാലി... ഒന്നരപ്പതിറ്റാണ്ട് മുമ്പ് പറക്കമുറ്റാത്ത പ്രായത്തിൽ പറഞ്ഞുകേട്ട പേരുകൾ മാത്രമാണ് സുഹാസിനിക്ക് മാതാപിതാക്കളെക്കുറിച്ചുള്ള അറിവ്. ലോകത്തിന്റെ ഏതോ കോണിലുള്ള അവരെക്കുറിച്ച അന്വേഷണത്തിലാണ് ഇന്നീ 21കാരി. അവരിന്ന് എവിടെയായിരിക്കും? ആരായിരിക്കും അവർ? എന്തുവന്നാലും ഒന്നു കണ്ടേ മതിയാകൂ. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും താൻ തനിച്ചായതിനെക്കുറിച്ചും അറിയണം. അനാഥത്വത്തിന്റെ അതിർവരമ്പുകൾ മറികടന്ന് സമൂഹത്തോട് പറയണം, ഇതാണ് തന്റെ മാതാപിതാക്കളെന്ന്.
കോഴിക്കോട് മഹിളാ മന്ദിരത്തിന്റെ മുറിയിലിരുന്ന് സ്വപ്നം പങ്കുവെക്കുമ്പോഴും ബാല്യത്തെക്കുറിച്ച് നിറംമങ്ങിയ ഓർമകൾ പോലുമില്ല സുഹാസിനിക്ക്. കൂട്ടംതെറ്റി തെരുവിലലയുന്നതിനിടെ തനിക്ക് സംരക്ഷണ കവചമൊരുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞ രണ്ടു പേരുകൾ. അത് മാത്രമാണ് മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനുള്ള ഏക കച്ചിത്തുരുമ്പ്. 2010ൽ തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് അഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തമിഴ് സംസാരിക്കുന്ന കുട്ടി സുഹാസിനി എന്ന് പേര് പറഞ്ഞു. പാഞ്ചാലി- മഞ്ചുനാഥ് എന്ന് മാതാപിതാക്കളുടെ പേരും. തമിഴ്നാട് കോയമ്പത്തൂർ എന്ന് കുട്ടി പറഞ്ഞതായും ചൈൽഡ് ലൈൻ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ തമിഴ്നാടാണ് സ്വദേശമെന്ന് അനുമാനിക്കുന്നു. മഞ്ജുള എന്ന പേരിൽ ഒരു മൂത്തസഹോദരിയുള്ളതായി മങ്ങിയ ഒരോർമയും സുഹാസിനി പങ്കുവെക്കുന്നു. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെ താൻ കൂട്ടംതെറ്റിപ്പോയെന്നാണ് സുഹാസിനി വിശ്വസിക്കുന്നത്. പിന്നീട് കോഴിക്കോട് ചിൽഡ്രൻസ് ഹോം, വേങ്ങരയിലെ റോസ് മനാർ ചിൽഡ്രൻസ് ഹോം, ആഫ്റ്റർ കെയർ ഹോം എന്നിവിടങ്ങളിൽ കഴിഞ്ഞ സുഹാസിനി ഇപ്പോൾ വെള്ളിമാട്കുന്ന് മഹിളാ മന്ദിരത്തിലാണ് താമസം.
തന്റെ ജീവിത സാഹചര്യങ്ങളോട് പൂർണമായി പൊരുത്തപ്പെട്ട അവളിന്ന് ഒരു പ്രഫഷനൽ കോഴ്സ് ചെയ്യുകയാണ്. ജോലി കണ്ടെത്തി ജീവിതം കെട്ടിപ്പടുക്കാനാണ് ആഗ്രഹം. എന്നാലും എങ്ങനെയെങ്കിലും മാതാപിതാക്കളെ കണ്ടെത്തണം. സാധിക്കും വിധം അവരെ സഹായിക്കണം. തമിഴ്നാട്ടിലോ കേരളത്തിൽതന്നെയോ അവർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവൾ. സുഹാസിനിയുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 984685592, 9387686354 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കോഴിക്കോട് മഹിളാ മന്ദിരം അധികൃതർ അറിയിച്ചു.


