ജീവന്റെ അവശേഷിക്കുന്ന തുടിപ്പിൽനിന്ന് പിഞ്ചുബാലന് രണ്ടാം ജന്മം
text_fieldsകുട്ടിയെ പരിചരിച്ച ആരോഗ്യ സംഘം
അമ്പലപ്പുഴ: വഴിയരികിൽ അവശനായ നിലയിൽ കണ്ടെത്തിയ ആദിവാസി പിഞ്ചുബാലന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വാന്ത്വനത്തിന്റെ തടോലലിൽ കിട്ടിയത് രണ്ടാം ജന്മം. പാലക്കാട് കൊല്ലങ്കോട്, താമരപ്പാടം ചുള്ളിയാർമേട് അളകപുരി കോളനിയിൽ മുരുകൻ-മഹേശ്വരി ദമ്പതികളുടെ മകനായ രണ്ട് വയസുകാരനാണ് ജീവന്റെ അവശേഷിക്കുന്ന തുടിപ്പിൽ നിന്നും ജീവിതവഴിയിലേക്ക് കരകയറിയത്. ഇവരുടെ ദയനീയ അവസ്ഥ മാധ്യമം കഴിഞ്ഞ 26 ന് വാർത്തയാക്കിയിരുന്നു. തൊട്ടടുത്തദിവസം ഇവരുടെ ചികിത്സ ചെലവിനായുള്ള അടിയന്തിര നടപടികളുമുണ്ടായി.
2026 ജൂൺ 27-ന് രാവിലെ 11 ഒാടെയാണ് കായംകുളത്ത് വഴിയരികിൽ അമ്മയ്ക്കൊപ്പം അലഞ്ഞുതിരിയുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇടപെട്ട പോലീസ്, ഇരുവരെയും രക്ഷിച്ച് കുട്ടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഗുരുതരമായ ആരോഗ്യനില തിരിച്ചറിഞ്ഞതിനെ തുടർന്ന് മാവേലിക്കര ഗവ. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ശ്രീപ്രസാദ് ഇടപെട്ട് അതേ ദിവസം തന്നെ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂനിറ്റിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ശിശുരോഗവിഭാഗം യൂനിറ്റ് ചീഫ് ഡോ. ജോസിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും സംരക്ഷണയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി തീർത്തും മെലിഞ്ഞൊട്ടി, തൊലി ചുക്കിചുളിഞ്ഞ അവസ്ഥയിലായിരുന്നു. 3.5 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായ കുട്ടിയുടെ തൂക്കം ഒരു മാസം പിന്നിട്ടപ്പോഴേക്കും 4.6 കിലോഗ്രാം ആയി.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ കുടുംബം സ്വന്തം നാട്ടിലേക്ക് മടങ്ങി. കലക്ടർ, പൊലീസ് വകുപ്പ്, ആശുപത്രി സൂപ്രണ്ട്ഡോ.ലക്ഷ്മി പി.എൽ ,ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ ഇഗ്നേഷ്യസ് റൊസാരിയോ, യൂനിറ്റ് ചീഫ് ഡോ. ജോസ്.ഒ, എൻ.എച്ച്.എം, ട്രൈബൽ ഡിപ്പാർട്ട്മെന്റ്, ഐ.സി.ഡി.എസ്, സി.ഡബ്ല്യു.സി, പി. ജി. ഡോക്ടർമാർ,സി. എൻ.ഒ ലിസ്സി ജോർജ്,പി.ഐ.സി.യു ഹെഡ് നഴ്സ് ലിൻസി മോൾ മാത്യു, മറ്റ് നഴ്സിങ്-പാരാമെഡിക്കൽ ജീവനക്കാർ, എന്നിവരും പൊതുപ്രവർത്തകർ സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനവുമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.


