പൊലീസിന്റെ ക്രൂരതയില്‍ അനാഥമായത് ഒരു കുടുംബം
text_fieldsകസ്റ്റഡിയില്‍ മരിച്ച മനോഹരന്റെ അമ്മ പങ്കജത്തെ
ഇരുമ്പനത്തെ വീട്ടിലെത്തി മന്ത്രി പി.രാജീവ് ആശ്വസിപ്പിക്കുന്നു
തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസിന്റെ ക്രൂരതയില്‍ കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ വാഹനപരിശോധനയുടെ പേരില്‍ ക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വരുകയും ജീവന് നഷ്ടപ്പെടുകയും ചെയ്ത സംഭവം ഞായറാഴ്ച നാട് ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച രാത്രി 8.45ന് ഇടവഴിയില്‍ കയറി ഇരുമ്പനം കര്‍ഷകകോളനി റോഡില്‍ തമ്പടിച്ചായിരുന്നു പൊലീസിന്റെ വാഹന പരിശോധന.
ഇടവഴിയായിരുന്നതിനാലും വീട്ടില്‍നിന്ന് വരുന്നവഴി വളവായിരുന്നതിനാലും പൊലീസിനെ മനോഹരന്റെ ശ്രദ്ധയിൽപെട്ടില്ല. പൊലീസ് കൈകാണിച്ചെങ്കിലും മുന്നോട്ടുപോയി.മീറ്ററുകളുടെ വ്യത്യാസത്തില്‍ മനോഹരൻ വാഹനം നിര്‍ത്തിയെങ്കിലും പൊലീസ് വാഹനത്തില്‍ ഹോണടിച്ച് പിന്തുടരുകയായിരുന്നു. എന്നാല്‍, മദ്യപിക്കുകയോ ഹെല്‍മറ്റ് ധരിക്കാതിരിക്കുകയോ ചെയ്യാതിരുന്നിട്ടും വാഹനം നിര്‍ത്തിയില്ലെന്ന കാരണത്താലാണ് മനോഹരന് പൊലീസിന്റെ ക്രൂരമായ മർദനം ഏല്‍ക്കേണ്ടി വന്നത്.
കുടുംബത്തിന്റെ അത്താണിയായിരുന്നു മനോഹരന്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജുനും നാലാം ക്ലാസ് വിദ്യാര്‍ഥിയായ സച്ചിക്കും പിതാവിന്റെ വിയോഗം താങ്ങാവുന്നതിനും അപ്പുറമാണ്. മനോഹരന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ ഭാര്യ സിനിയും അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സ്ഥിതിയിലായി. മനോഹരന്റെ പ്രായമായ പിതാവ് രഘുവരനും മാതാവ് പങ്കജയും സഹോദരന്റെ ചേരാനല്ലൂരുള്ള വസതിയിലാണ് താമസം.
സംഭവമറിഞ്ഞ് രാത്രി 12ഓടെ വീട്ടിലെത്തി. ശനിയാഴ്ച രാത്രി വീട്ടുകാര്‍ക്ക് കഴിക്കാനായി ബിരിയാണിയും വാങ്ങിപ്പോയ വഴിയിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. കൂട്ടുകാരന്റെ വീട്ടില്‍ പോകാനുണ്ടെന്നും പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. രാത്രി 10 മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍നിന്ന് വിളിക്കുകയും ജാമ്യത്തിലെടുക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്നും ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യേഷ്ഠപുത്രനും സുഹൃത്തും സ്റ്റേഷനിലെത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മനോഹരന് കുഴഞ്ഞുവീണത്. മനോഹരനെക്കുറിച്ച് എല്ലാവര്ക്കും നല്ലതു മാത്രമേ പറയാനുള്ളൂ. ആരോടും ദേഷ്യപ്പെടുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാതിരുന്ന മനുഷ്യനെയാണ് പൊലീസ് ഇത്തരത്തില്‍ മരണത്തിലേക്ക് തള്ളിവിട്ടത്.