Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക് എ...

മുഖ്യമന്ത്രിക്ക് എ ഗ്രൂപ് ചെക്ക്; പരാതിയുമായി ഡൽഹിയിലേക്ക്, അസ്വാഭാവികത സംശയിച്ച് സതീശൻ പക്ഷം

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: പദവി വിഭജനങ്ങളിലെ അതൃപ്തി പരസ്യമാക്കിയ എ ഗ്രൂപ് പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലെത്തി കാണാൻ ഗ്രൂപ് വക്താക്കളായ എം.പിമാരെയാണ് ചുമതലപ്പെടുത്തിയത്. ഈ മാസം തന്നെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് തീരുമാനം. ഗ്രൂപുകളില്ലെന്ന് ഒരുവശത്ത് ആവർത്തിക്കുമ്പോഴും മറുവശത്ത് മന്ത്രിസഭയുടെ സാങ്കേതികത്വത്തിന്റെ മറവിൽ ഗ്രൂപ് പ്രതിനിധികൾ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നതാണ് എ ഗ്രൂപിന്‍റെ ആരോപണം. ബോർഡ്-കോർപ്പറേഷൻ വിഭജനങ്ങൾക്കായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വൈദ്യുതിമന്ത്രിയും യോഗം ചേർന്നത് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ് നീക്കങ്ങൾ. കെ.പി.സി.സിയുടെ മുൻ അധ്യക്ഷന്മാരിലൊരാളും യുവ എം.പിമാരിലൊരാളുമാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ.

ഇതിൽ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ വൈദ്യുതിമന്ത്രിയെ നിഷ്പക്ഷനായി എ ഗ്രൂപ് കാണുമ്പോഴും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യമാണ് ഗ്രൂപ് പക്ഷപാതിത്വമായും തങ്ങളോടുള്ള അവഗണനയായും എ ഗ്രൂപ് എണ്ണുന്നത്. ഇക്കാര്യത്തിലെ അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ ‘‘നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കെ.പി.സി.സി പ്രസിഡന്റിനോട് പറയണമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും ഇത് നെഗറ്റീവ് സമീപനമാണെന്നും’’ ഒരു നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. അവഗണിക്കുന്നുവെന്ന പൊതുവികാരത്തോടൊപ്പം മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ അതൃപ്തിയും എ ഗ്രൂപ്പിന്റെ ഡൽഹി നീക്കങ്ങൾക്ക് പ്രേരകമായിട്ടുണ്ട്. ഫലത്തിൽ പദവിയിലെ പരിഗണനയ്ക്കപ്പുറം മുഖ്യമന്ത്രിക്ക് ചെക്ക് വയ്ക്കുക കൂടിയാണ് ഇത്തരം ചുവടുകൾക്ക് പിന്നിലെന്നതും വ്യക്തമാണ്.

അതേസമയം കോൺഗ്രസിനുള്ളിലെ ബോർഡ്-കോർപ്പറേഷൻ വിഭജന ശ്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നിരിക്കെ ചർച്ചകളിൽ പ്രാതിനിധ്യമില്ലെന്ന താരതമ്യേന അപ്രധാന വാദമുന്നയിച്ച് പടയ്ക്കിറങ്ങുന്ന എ ഗ്രൂപ് നിലപാടിന് പിന്നിൽ അസ്വാഭാവികതയും ആസൂത്രണവും സതീശൻപക്ഷം സംശയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ കെ.സി പക്ഷത്തുണ്ടായിരുന്ന രണ്ട് യുവനേതാക്കൾ പെട്ടെന്ന് പഴയ തട്ടകമായ എ ഗ്രൂപിലേക്ക് മടങ്ങിയെത്തിയതാണ് സംശയത്തിനുള്ള ഒരു കാരണം. മുഖ്യമന്ത്രി നിർണയ ചർച്ചകളിൽ ക്ഷീണമേറ്റ കെ.സി ഗ്രൂപ്പിനെ സംബന്ധിച്ച് സതീശനെതിരെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതൊരു നീക്കവും കൈ പൊള്ളിക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലുകൾ മുതൽ ഏറ്റവുമൊടുവിൽ എ.പി അനിൽകുമാറിനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന ചർച്ചകളുടെ വരെ ‘പാപഭാരം’ കെ.സിക്ക് മുകളിൽ ചാർത്തപ്പെട്ട സാഹചര്യത്തിൽ വിശേഷിച്ചും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചതിൽ കടുത്ത അവഗണന നേരിട്ടിട്ടും പരസ്യനീക്കങ്ങൾക്ക് എ ഗ്രൂപ് മുന്നിട്ടിറങ്ങിയിട്ടില്ല. സ്ഥാനാർഥി നിർണയം, മന്ത്രിസഭാ രൂപവത്കരണവുമടക്കം പിന്നീടിങ്ങോട്ട് അതൃപ്തികൾ പലഘട്ടങ്ങളിലുണ്ടായിട്ടും നിശ്ശബ്ദവുമായിരുന്നു. എന്നാൽ നിലവിൽ എ ഗ്രൂപിന്റെ ആവശ്യങ്ങൾ നിരസിച്ചിട്ടില്ലാത്ത ഘട്ടത്തിൽ കലഹപ്രതീതി സൃഷ്ടിക്കലിന് പിന്നിൽ ഗ്രൂപ് അടിയൊഴുക്കുകളുണ്ടോ എന്നതാണ് സതീശൻ പക്ഷത്തിന്റെ സംശയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Congress highcommand VD Satheesan Congress A Group 
News Summary - A-Group Faction Heads to Delhi with Complaint, VD Satheesan Faction Suspects Irregularities
Next Story