പറമ്പിൽ നിന്നും വലിയ ദുർഗന്ധം, പോയി നോക്കിയപ്പോൾ കാപ്പി മരത്തിൽ വയോധികൻ തൂങ്ങിയ നിലയിൽ; മൃതദേഹം കണ്ടയാൾ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsതങ്കൻ, ജോർജ്
അടിമാലി: വയോധികനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മധ്യവയസ്കൻ സംഭവ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീണു മരിച്ചു. പണിക്കൻകുടി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വെട്ടിക്കാട്ട് ജോർജാണ് (56) വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ 28ന് പണിക്കൻകുടിയിൽ നിന്നും കാണാതായ പൊറ്റനാനിക്കൽ തങ്കൻ്റെ (62) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ കൃഷിത്തോട്ടത്തിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. പറമ്പിൽ നിന്നും വലിയ തോതിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാപ്പി മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജോർജ് ഉൾപ്പെടെ അഞ്ചു പേരാണ് മൃതദേഹം കാണുവാൻ പോയത്. മൃതദേഹത്തിന് 10 ദിവസത്തിൽ കൂടുതൽ പഴക്കം ഉണ്ടായിരുന്നതിനാൽ ദുർഗന്ധം ഉണ്ടായിരുന്നു. ഇത് കണ്ടതോടെയാണ് ജോർജ് അവിടെവച്ച് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോളിയാണ് ജോർജിന്റെ ഭാര്യ. ജോമോൾ ജിജോ എന്നിവർ മക്കളാണ്. ബിന്ദുവാണ് തങ്കന്റെ ഭാര്യ, ആതിര അശ്വതി എന്നിവർ മക്കളാണ്. വെള്ളത്തൂവൽ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.