സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു; റൗളയും കൂട്ടുകാരികളും ആഹ്ലാദത്തിൽ
text_fieldsറൗള റബാബ് കൂട്ടുകാരികളോടൊപ്പം
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് കൽപകഞ്ചേരി ജി.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റൗള റബാബ് എന്ന കൊച്ചു മിടുക്കി ഏറെ സന്തോഷത്തിലാണ്. ഒരു വർഷം മുമ്പ് സ്കൂളിലെ അസൗകര്യങ്ങളെക്കുറിച്ച് വിഡിയോയിലൂടെ പറഞ്ഞ തന്റെ കുഞ്ഞു മനസ്സിലെ വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി.
'എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ആകെ 13 ക്ലാസ് മുറികളാണുള്ളത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചു തരണം' -എന്നാണ് വിഡിയോയിൽ പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിഡിയോ ശ്രദ്ധയിൽപെട്ട കുറുക്കോളി മൊയ്തീൻ എം.എൽ.എ റൗളയെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അത്യാധുനിക സൗകര്യത്തോടെ ഇരുനില കെട്ടിടം നിർമിക്കാൻ 1.92 കോടിയുടെ ഭരണാനുമതി സർക്കാറിൽനിന്ന് ലഭിച്ചതായി എം.എൽ.എ അറിയിച്ചത്.
ഇതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നീണ്ട കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ശിലാസ്ഥാപനം കഴിഞ്ഞദിവസം എം.എൽ.എ നിർവഹിച്ചു. കൽപകഞ്ചേരി നെച്ചിക്കുണ്ട് സ്വദേശി സി.പി. റുമാസ് ബാബുവിന്റെയും ഇതേ സ്കൂളിൽ അധ്യാപികയായ അസ്മാബിയുടെയും മകളാണ് റൗള റബാബ്. സഹോദരി റദ്‍വ.