Begin typing your search above and press return to search.
exit_to_app
exit_to_app
എ. പത്മകുമാറിന് സസ്പെൻഷൻ; സമ്മർദംതൊട്ട് നയതന്ത്രംവരെ
cancel
camera_alt

എ. പത്മകുമാർ 

തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസ് പ്രതി എ. പത്മകുമാറിനെതിരായ സി.പി.എം നടപടി സസ്പെൻഷനിൽ പരിമിതപ്പെട്ടതിനുപിന്നിൽ സമ്മർദം മുതൽ പാർട്ടി നയതന്ത്രംവരെ. ശബരിമല യുവതീപ്രവേശം സ്വാഭാവികമായല്ല, ആസൂത്രണത്തോടെയാണ് നടന്നതെന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്ന പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വർണക്കൊള്ളക്ക് പിന്നിൽ താൻ ദൈവതുല്യനായി കണ്ട രാഷ്ട്രീയ വ്യക്തിത്വമുണ്ടെന്നും ദേവസ്വം ബോർഡിലെ രേഖകളിൽ ‘ചെമ്പ്’ എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും അതിനുശേഷം തനിക്കുമേൽ സമ്മർദം ചെലുത്തി ഒപ്പിടുവിക്കുകയായിരുന്നെന്നും പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യമാണ് നിയമപരമായ കാരണങ്ങളേക്കാൾ പാർട്ടി നേരിട്ട സമ്മർദമാണ് നടപടി സസ്പെൻഷനിലേക്ക് ചുരുങ്ങാൻ കാരണമെന്ന സംശയമുയർത്തുന്നത്. താക്കീത്, ശാസന, പരസ്യശാസന, സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യൽ, സസ്പെൻഷൻ, പുറത്താക്കൽ എന്നിങ്ങനെ സി.പി.എമ്മിന്റെ ആറ് സംഘടന നടപടികളിൽ കാഠിന്യത്തിൽ രണ്ടാമത്തേതാണ് പത്മകുമാറിനെതിരെ കൈക്കൊണ്ടത്. എന്നാൽ, സസ്പെൻഷൻ നിശ്ചിത കാലത്തേക്കായതിനാൽ പുനഃപരിശോധിക്കാനും തിരിച്ചെടുക്കാനുമുള്ള സാധ്യത ഈ നടപടിയുടെ ആനുകൂല്യമാണ്.

ജയിൽ മോചിതനായശേഷം പത്മകുമാർ തന്റെ രാഷ്ട്രീയ ജീവിതവും ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലെ അനുഭവങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പുറത്താക്കിയാൽ പാർട്ടി ബാധ്യതകളൊന്നും പത്മകുമാറിന്‍റെ ചുമലില്ലാതാകും. ആത്മകഥ എഴുതുന്നതിനും തടസ്സമില്ല. എഴുതുന്നതെന്തായാലും പത്മകുമാറിനെ ബാധിക്കില്ലെങ്കിലും പാർട്ടിക്ക് പരിക്കുണ്ടാക്കും. പാർട്ടിയുമായുള്ള ബന്ധം പൂർണമായി മുറിയാത്ത സസ്പെൻഷൻ, ഫലത്തിൽ ആത്മകഥയെഴുത്തിൽനിന്നുള്ള പരോക്ഷ വിലക്ക് കൂടിയാണ്.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന രണ്ടുദിവസത്തെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പത്മകുമാറിനെതിരെ കർശനനടപടി വേണമെന്ന നിർദേശമുണ്ടായിരുന്നു. സ്വർണക്കൊള്ള കേസിൽ ജയിലിലായ ഘട്ടത്തിൽപോലും പത്മകുമാറിനെ ചേർത്തുനിർത്തുന്ന സമീപനം സ്വീകരിച്ച പാർട്ടിയുടെ നിലപാട് മാറ്റമായിരുന്നു ഇത്. ഇതോടെയാണ് യുവതീപ്രവേശനകാലത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തിയും ഫോൺ രേഖകളും ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കുമടക്കം പരിശോധിക്കാൻ വെല്ലുവിളിച്ചും സമ്മർദ നീക്കമുണ്ടായത്.

Show Full Article
TAGS:A Padmakumar suspension Sabarimala Gold Missing Row CPM Latest News 
News Summary - A. Padmakumar's suspension; From pressure to diplomacy
Next Story