Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതകൾ നയിക്കുന്ന...

വനിതകൾ നയിക്കുന്ന സമൂഹം കൂടുതൽ മാനുഷികവും കാര്യക്ഷമവുമാകും -ദ്രൗപദി മുർമു

text_fields
bookmark_border
വനിതകൾ നയിക്കുന്ന സമൂഹം കൂടുതൽ മാനുഷികവും കാര്യക്ഷമവുമാകും -ദ്രൗപദി മുർമു
cancel
Listen to this Article

കൊച്ചി: വനിത നേതാക്കൾ നയിക്കുന്ന സമൂഹങ്ങൾ കൂടുതൽ മാനുഷികവും കാര്യക്ഷമതയുള്ളതും ആയിരിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. എറണാകുളം സെന്‍റ് തെരേസാസ് കോളജിെല ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തിന്‍റെ ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ബജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം നാലര മടങ്ങ് വർധിച്ചു. 2047ഓടെ വികസിതഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് 70 ശതമാനം വനിത തൊഴിൽശക്തി പങ്കാളിത്തം കൈവരിക്കുക എന്നതാണ്.

കേരളത്തിൽനിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ഭരണഘടന അസംബ്ലിയിലെ 15 അസാധാരണ വനിത അംഗങ്ങൾ ഭരണഘടന രൂപവത്കരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നൽകി. അവരിൽ അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ കേരളത്തിൽനിന്നുള്ളവരായിരുന്നു. കേരളത്തിലെ സ്ത്രീകൾ മികവിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി ഹൈകോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്ന ചാണ്ടിയായിരുന്നു. 1956ൽ അവർ കേരള ഹൈകോടതി ജഡ്ജിയായി. 1989ൽ സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി ചരിത്രംകുറിച്ചു. രാജ്യത്ത് ഏറ്റവും അനുകൂലമായ ലിംഗാനുപാതമുള്ള സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാനാകും.

ഈ കോളജിലെ പൂർവ വിദ്യാർഥികൾ രാജ്യത്തിന്‍റെ വളർച്ചക്കും വികസനത്തിനും നൽകിയ സംഭാവനകളിലൂടെ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും സ്ലേറ്റ് പദ്ധതി ഏറ്റെടുക്കുന്നതിലൂടെ, 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത കോളജ് പ്രകടമാക്കിയെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.

ശതാബ്ദി ആഘോഷ ലോഗോ രാഷ്ട്രപതി പ്രകാശിപ്പിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Droupadi Murmu indian president Kerala Visit 
News Summary - A society led by women will be more humane and efficient - Draupadi Murmu
Next Story