റവന്യൂ വകുപ്പിന് സമഗ്രമായ ഡിജിറ്റൽ റവന്യൂ ശേഖരം ഒരുക്കാൻ പ്രത്യേക ടീം രൂപീകരിച്ച് ഉത്തരവ്
text_fieldsറവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, ലാൻഡ് റവന്യൂ മുൻ കമീഷണർ എ. കൗശികൻ, ജോയിൻറ് ലാൻഡ് റവന്യൂ കമീഷണർ കെ. മീര
തൃശൂർ: റവന്യൂ വകുപ്പിന് സമഗ്രമായ ഡിജിറ്റൽ റവന്യൂ ശേഖരം ഒരുക്കാൻ പ്രത്യേക ടീം രൂപീകരിച്ച് ഉത്തരവ്. നെൽവയൽ പരിവർത്തനം, ഭൂമി ഏറ്റെടുക്കൽ, പട്ടയം വിതരണം, സർവേകളും അതിരുകളും, ഭൂമി രജിസ്ട്രേഷൻ തുടങ്ങിയ വിഷയാധിഷ്ഠിത മേഖലകൾ തരംതിരിച്ച് എല്ലാ പ്രസക്തമായ സർക്കാർ ഉത്തരവുകളും സർക്കുലറുകളും ചട്ടങ്ങളും നിയമങ്ങളും ഫോമുകളും ഏകീകരിച്ചാണ് ശേഖരം ഒരുക്കുന്നത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിലുള്ളതും കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യാവുന്ന തരത്തിലുള്ള സമഗ്ര ഡിജിറ്റൽ റവന്യൂ ശേഖരം (Comprehensive Digital Revenue Repository) വികസിപ്പിക്കുവാനായി ഐ.എൽ.ഡി.എമ്മിനെ (Institute of Land and Disaster Management) ചുമതലപ്പെടുത്തിയാണ് റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്‍റെ ഉത്തരവ്.
ജോയിന്റ് ലാൻഡ് റവന്യൂ കമീഷണർ കെ. മീര ചെയർപേഴ്സണും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ, ജയമോഹൻ (ഐ.എൽ.ഡി.എം), മധു (ഐ.ടി സെൽ), ആർ.ഐ.ബി എന്നിവർ അംഗങ്ങളായ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രത്യേക ടീം ഉടൻ യോഗം ചേർന്ന് പ്രാഥമിക ആക്ഷൻ പ്ലാൻ തയാറാക്കും. നിർദിഷ്ട ഘടകങ്ങളുടെ രൂപരേഖ, ടൈംലൈൻ, ആവശ്യമായ വിഭവങ്ങൾ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവ ഉൾപ്പെടുത്തി ലഘു പ്രസൻറേഷൻ തയാറാക്കും. പ്രാഥമിക പ്ലാനും പ്രസന്റേഷനും ഒരാഴ്ചക്കകം സർക്കാരിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്.
പൊതുജന ബോധവൽക്കരണത്തിനും റവന്യൂ ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിനും പ്രയോജനപ്രദമാകുന്ന വിധത്തിൽ ഓരോ വിഷയങ്ങളിലും ഓൺലൈൻ വീഡിയോ മോഡ്യൂളുകൾ ഐ.എൽ.ഡി.എം തയാറാക്കണമെന്നാണ് നിർദേശം. റവന്യൂ വകുപ്പിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലെ കഴിവ് വർധിപ്പിക്കുന്നതിനായി ഇവ ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമായി ബന്ധിപ്പിക്കും. പൊതുജനങ്ങൾക്കുള്ള പ്രാപ്യത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട ലിങ്കുകൾ e-District പോലുള്ള പോർട്ടലുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ഭൂമിയും നികുതിയുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേഷനിൽ കേരളം കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങൾ രേഖപ്പെടുത്തുന്നതിനായി, റവന്യൂ വകുപ്പിന് കീഴിലുള്ള ഓരോ വിഭാഗങ്ങളും വിഷയാധിഷ്ഠിത കോഫി ടേബിൾ ബുക്കുകൾ (ഉദാ: നെൽവയൽ സംരക്ഷണം, കെസ്നിക് (KESNIK), ഭൂരഹിതർക്ക് ഭൂമി കൈമാറ്റം മുതലായവ) തയാറാക്കണം. അന്തർസംസ്ഥാന പരിജ്ഞാനം പങ്ക് വെക്കുന്നതിനും, ദേശീയതലത്തിലുള്ള അംഗീകാരത്തിനും കേന്ദ്ര സർക്കാർ മുമ്പാകെ പ്രോജക്ട് പ്രൊപ്പോസലുകൾ സമർപ്പിക്കുന്നതിനും ഇത്തരം പ്രസിദ്ധീകരണങ്ങൾ സഹായകരമാകും.
പൗരപങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായും റവന്യൂ സേവനങ്ങൾ, അവകാശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ സംബന്ധിച്ച് അവബോധം ഉയർത്തുന്നതിനായും സോഷ്യൽ മീഡിയ കണ്ടൻറ് എന്നിവ ഐ.എൽ.ഡി.എം നിർമിക്കും. നൂതനവും ചടുലവും ചെലവ് കുറഞ്ഞതുമായ കണ്ടൻറ് വികസനത്തിനും ഡിജിറ്റൽ പ്ലാറ്റ്ഫോം ബിൽഡിങിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ സാധ്യതകളും സാങ്കേതികവും സൃഷ്ടിപരവുമായ പിന്തുണയും പ്രയോജനപ്പെടുത്തും. കണ്ടൻറ് സ്റ്റാൻഡർഡൈസേഷൻ, ട്രെയിനിങ് ഡിസൈൻ എന്നിവക്കായി കില, ഐ.എം.ജി തുടങ്ങിയ സ്ഥാപനങ്ങളുടെ അഭിപ്രായം തേടുമെന്നും ഉത്തരവിൽ പറയുന്നു.
കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും മാർഗനിർദേശങ്ങളും ക്രോഡീകരിച്ച് എല്ലാ വർഷവും റവന്യൂ ഗൈഡ് പ്രസിദ്ധീകരിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ നൽകുന്ന റവന്യൂ ഉദ്യോഗസ്ഥർ നിലവിൽ ആശ്രയിക്കുന്നത് ഈ ഗൈഡാണ്. എന്നാൽ, റവന്യൂ നിയമങ്ങളും നടപടിക്രമങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അച്ചടിച്ച ഗൈഡുകളെ തുടർച്ചയായി ആശ്രയിക്കുന്നത് അപ്രായോഗികമാണ്.
റവന്യൂ വകുപ്പിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് റവന്യൂ ഗൈഡിന് പുറമേ കൈപ്പുസ്തകങ്ങൾ തയാറാക്കുന്നത് മനുഷ്യവിഭവശേഷിയും സമയവും പാഴാക്കുന്നതിന് കാരണമാകും. കൈപ്പുസ്തകങ്ങൾ വേഗത്തിൽ കാലഹരണപ്പെടുമെന്നതിനാൽ വർഷം തോറും പ്രസിദ്ധീകരിക്കുന്ന റവന്യൂ ഗൈഡിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുന്നതാണ് ഉചിതമെന്ന് ലാൻഡ് റവന്യൂ മുൻ കമീഷണർ ഡോ. എ. കൗശികൻ കത്തിൽ ചൂണ്ടിക്കാണിച്ചരുന്നു.
പൊതുജനങ്ങൾ സർട്ടിഫിക്കറ്റിനായി അപേക്ഷകൾ സമർപ്പിക്കുന്ന ഇ ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും റവന്യു ഗൈഡിലെ സർട്ടിഫിക്കറ്റുകളെ സംബന്ധിച്ച പി.ഡി.എഫ് പതിപ്പിലേക്കുള്ള ഒരു ലിങ്ക് സൃഷ്ടിച്ചാൽ അത് ഏറ്റവും പ്രയോജനപ്രദമായിരിക്കും. അതിനാൽ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും റവന്യൂ ഗൈഡ് കാണുവാൻ ഉപകരിക്കുന്ന ലിങ്ക് ക്രിയേറ്റ് ചെയ്യുന്നത് ഉചിതമെന്നും കമീഷണർ രേഖപ്പെടുത്തി. ഡോ.എ. കൗശികന്‍റെ നിർദേശത്തിന്‍റെ അടസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.