കോഴിക്കോട്ടുനിന്ന് മതസൗഹാർദത്തിന്റെ കഥ; സുമതിക്ക് അന്ത്യവിശ്രമമൊരുക്കി മുസ്‍ലിം യുവാക്കൾ
text_fieldsസുമതി
മുക്കം (കോഴിക്കോട്): ആരൊക്കെ എന്തൊക്കെ വർഗീയ വിഷം ചൊരിഞ്ഞാലും കേരളത്തിന്റെ മനസ്സ് എന്നും മതസൗഹാർദ്ദത്തിനൊപ്പമെന്ന് തെളിയിച്ച് വീണ്ടുമൊരു റിയൽ കേരള സ്റ്റോറി. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ ഗ്രാമവും ഒരുപറ്റം ചെറുപ്പക്കാരുമാണ് മതസൗഹാർദത്തിന്റെ മാതൃകയായത്.
കഴിഞ്ഞ ദിവസം നിര്യാതയായ കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (ചെറിയമോൾ -64) സംസ്കാര ചടങ്ങുകളിപ്പോൾ നാടാകെ ചർച്ചയാവുകയാണ്. മൃതദേഹ സംസ്കാരത്തിനായി മുസ്‍ലിം സഹോദരങ്ങൾ മുന്നിട്ടിറങ്ങി കുഴിമാടമൊരുക്കുകയായിരുന്നു. ജീവിതകാലമത്രയും പരിസരത്തെ വീടുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുമതി, രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും, കോരിച്ചൊരിയുന്ന മഴ കാരണം സംസ്കാര ചടങ്ങുകൾക്കായി മണ്ണൊരുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുക്കാരും പ്രയാസത്തിലായി.
വിവരമറിഞ്ഞയുടൻ പ്രദേശത്തെ സേവനരംഗത്ത് സജീവമായ പൂളപ്പൊയിൽ ഖബർസ്ഥാനിൽ സൗജന്യമായി ഖബറൊരുക്കുന്ന ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ എന്നിവരും അയൽവാസികളായ പി.കെ. ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തുകയായിരുന്നു. രാത്രി 7.30ഓടെ ആരംഭിച്ച പണി കനത്ത മഴയും ചളിയും അവഗണിച്ച് രാത്രി 11.30വരെ നീണ്ടു. പൂർണമായും ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ കുഴിമാടമൊരുക്കിയ ശേഷമാണ് ഈ യുവാക്കൾ മടങ്ങിയത്.


