ചലനമറ്റ് നിർമാണ മേഖല
text_fieldsകൊച്ചി: സംസ്ഥാനത്ത് നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ നിർമാണങ്ങളും മന്ദഗതിയിലാണ്. സാമഗ്രികളുടെ വിലയടക്കം ചെലവ് ഉയർന്നതും മേഖലയെ പ്രതികൂലമായി ബാധിച്ചു.
കോവിഡിന് ശേഷം നിർമാണ സാമഗ്രികളുടെ വിലയിൽ ശരാശരി 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഇപ്പോൾ നിർമാണങ്ങൾ കുറഞ്ഞതിനാൽ വിലയിൽ കാര്യമായ മാറ്റമില്ലെന്ന് മാത്രം. എന്നാൽ, വയറിങ് സാമഗ്രികളുടെ വില ആറു മാസത്തിനിടെ പത്ത് ശതമാനത്തിലധികം വർധിച്ചു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് നിർമാണ മേഖലയിൽ ഇത്രമാത്രം മാന്ദ്യമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഫ്ലാറ്റ്, വീട് നിർമാണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ പാത ജോലികൾ മാത്രമാണ് കാര്യമായി നടക്കുന്നത്. നിർമാണ ജോലികൾ കുറഞ്ഞതോടെ നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ താൽക്കാലികമായി നാട്ടിലേക്ക് മടങ്ങി. പ്ലംബിങ്, ഇലക്ട്രിക്കൽ, അലൂമിനിയം ഫാബ്രിക്കേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലും ജോലി കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരുന്നവർക്ക് ഇപ്പോൾ ഓഹരി വിപണിയിലാണ് ശ്രദ്ധ. നിർമാണമേഖലയിലെ മാന്ദ്യം മൂലം വായ്പ നൽകാൻ ബാങ്കുകളും മടിക്കുകയാണ്
പ്രതിസന്ധിക്ക് പിന്നിൽ
- നിർമാണ ചെലവ് ചതുരശ്രയടിക്ക് 1500 രൂപയിൽനിന്ന് 2200 രൂപ വരെയെത്തി
- കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധനയും ഭൂമി തരംമാറ്റ നടപടികളിലെ കാലതാമസവും
- കുടിശ്ശിക കുന്നുകൂടിയതോടെ കരാറുകാർ ജോലികളിൽനിന്ന് പിന്മാറി
- വീടുകൾക്കും ഫ്ലാറ്റുകൾക്കും ആവശ്യക്കാർ കുറഞ്ഞു
സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 15-20 ശതമാനം സംഭാവന ചെയ്യുന്ന നിർമാണ മേഖല ഭയാനക മാന്ദ്യമാണ് നേരിടുന്നത്. പ്രമുഖ കമ്പനികളൊന്നും വലിയതോതിൽ ഫ്ലാറ്റുകളടക്കം പദ്ധതികളുടെ നിർമാണം ഏറ്റെടുക്കുന്നില്ല.
ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബി.എ.ഐ) സംസ്ഥാന ചെയർമാൻ
സുരേഷ് പൊറ്റക്കാട്
വിദേശത്ത് നിക്ഷേപ സാധ്യതകൾ ഏറിയതോടെ പ്രവാസികൾ നാട്ടിൽ നിക്ഷേപം എന്ന നിലയിൽ ഫ്ലാറ്റ് പോലുള്ളവ വാങ്ങുന്നത് കുറഞ്ഞു.
ബി.എ.ഐ കൊച്ചി സെന്‍റർ ചെയർമാൻ
ജോർജ് മാത്യു പാലാൽ
കരാറുകാരുടെ കുടിശ്ശിക
കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപകടന്നതോടെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി വകുപ്പുകളിലെ നിർമാണ ജോലികളെല്ലാം തടസ്സപ്പെട്ടു. ജല അതോറിറ്റി കരാറുകാർക്ക് അറ്റകുറ്റപ്പണി ചെയ്ത വകയിൽ 150 കോടിയും ജൽ ജീവൻ പദ്ധതിയുടെ ജോലികൾ ചെയ്തതിന് 4000 കോടിയും കിട്ടാനുണ്ട്.
റോഡ് പണിയുടെ കരാറുകാർക്ക് 5000 കോടിയും തദ്ദേശ സ്ഥാപനങ്ങളുടെ കരാറുകാർക്ക് 3000 കോടിയുമാണ് കുടിശ്ശിക. പല കരാറുകാരും ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. യന്ത്രസാമഗ്രികളുടെ പരിപാലന ചെലവ് താങ്ങാനാവാതെ ചില കരാറുകാർ ജോലി എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
കരാറുകാർക്ക് ബാങ്കുകൾ വായ്പ പുതുക്കിക്കൊടുക്കുന്നില്ല. സർക്കാറിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കരാറുകാർക്ക് തിരിച്ചടിയായത്. റോഡ് അറ്റകുറ്റപ്പണികൾക്ക് അടിയന്തിരമായി 500 കോടിയെങ്കിലും സർക്കാർ അനുവദിച്ചില്ലെങ്കിൽ കുഴികളുടെ എണ്ണവും വലിപ്പവും വർധിക്കുമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.