മുഴക്കമുള്ള നിശ്ശബ്ദതയിൽ തരംഗസൂചന
text_fieldsകോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കൊട്ടിക്കലാശം (ഫോട്ടോ) പി. സന്ദീപ്
തിരുവനന്തപുരം: പ്രചാരണം കൊട്ടിയിറങ്ങിയതോടെ ‘തരംഗ’മുണ്ടോ എന്നതിൽ തലനാരിഴകീറുകയാണ് മുന്നണികൾ. രാഷ്ട്രീയ തരംഗത്തെ മുൻകൂട്ടി മനസ്സിലാക്കാനുള്ള ഫോർമുലകളില്ലെന്നതും വോട്ടെണ്ണലിൽ മാത്രം തിരിച്ചറിയുന്നതുമാണെന്ന പരിമിതിക്കൊപ്പം ഈ പ്രതിഭാസം പരിപൂർണ നിശ്ശബ്ദമായിരിക്കുമെന്നതാണ് ആകെയുള്ള സൂചന. രാഷ്ട്രീയ അതിരുകൾ മാറ്റിവെച്ച് എല്ലാവരും ചേർന്ന് ഒരാൾക്ക് വോട്ടുചെയ്യാൻ തീരുമാനിക്കുമ്പോഴാണ് രാഷ്ട്രീയ ചരിത്രത്തിൽ തരംഗങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇതാരും പരസ്യമായി പറയില്ല താനും. ഇക്കുറി ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ വെല്ലുവിളികളും കൊണ്ട് കത്തിക്കയറിയ പ്രചാരണ ദിനങ്ങളിൽ ജനം പക്ഷേ നിശബ്ദമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച തരംഗത്തിന്റെ ആവർത്തനത്തിലേക്കാണോ നിലവിലെ മുഴക്കമുള്ള നിശ്ശബ്ദത വിരൽചൂണ്ടുന്നത് എന്നത് പ്രസക്തമായ ചോദ്യവും.
ഭരണവിരുദ്ധ വികാരം ശക്തമെന്ന് അടിവരയിട്ട തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തെ മാത്രം ഇടവേളയിലാണ് മറ്റൊരു ജനവിധിക്ക് അരങ്ങൊരുങ്ങിയത്. തിരിച്ചടി തിരിച്ചറിഞ്ഞെങ്കിലും തിരുത്തലിനുള്ള സാവകാശം ലഭിച്ചില്ലെന്നത് വസ്തുതയായി അവിശേഷിക്കുന്നു. ക്ഷേമാനുകൂല്യങ്ങളെല്ലാം പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട സർക്കാറിനെയും മുന്നണിയെയും സംബന്ധിച്ച് അധികമായൊന്നും പ്രഖ്യാപിക്കാനുമില്ലായിരുന്നു. അന്ന് വിട്ടുപോയ സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശികയും അഷ്വേർഡ് പെൻഷനും പ്രഖ്യാപിക്കുകയും ചെയ്തു.ഇത് എത്രത്തോളം വോട്ടാകുമെന്നതിൽ വ്യക്തതയുമില്ല.
പ്രാദേശിക സാഹചര്യങ്ങളും വ്യക്തി സ്വാധീനവും തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതാണ് പൊതുധാരണയെങ്കിലും തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്രകടമായ ഏകപക്ഷീയ ജനവിധി ഇതിൽ നിന്ന് ഭിന്നമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഈ സവിശേഷ കാലാവസ്ഥക്ക് അർധവിരാമമിടാൻ ഇടതുമുന്നണിയും കരുത്തോടെ തുടരാൻ യു.ഡി.എഫും അക്ഷരാർഥത്തിൽ തന്നെ വിയർപ്പൊഴുക്കുകയായിരുന്നു.
വികസനം ചർച്ചയാക്കലായിരുന്നു ഇതിനുള്ള ഇടതു പോംവഴിയെങ്കിലും ഇതിലേക്ക് കടക്കാനാകാതേ ഒരേ സമയം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായുള്ള ഡീൽ ആരോപണങ്ങളുടെ ഹോർമൂസ് കടലിടുക്കിലായിരുന്നു സി.പി.എം. ഇതുവരെ തുടർന്നുപോന്ന രാഷ്ട്രീയ സമീപനങ്ങളിൽ നിന്ന് വഴിമാറിയുള്ള എസ്.ഡി.പി.ഐ നിലപാട് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയപ്പോൾ പിന്തുണ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു സി.പി.എം നേതാക്കൾ. കോൺഗ്രസിന്റെ വയനാട് ഫണ്ട് വിവാദം ചർച്ചയാക്കാനായത് ഇടത് മുന്നണിക്ക് പിടിവള്ളിയായെങ്കിലും രക്തസാക്ഷി ഫണ്ടിൽ ആരോപണങ്ങളുന്നയിച്ചുള്ള വി.കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ സ്ഥാനാർഥിത്വം പാർട്ടിക്ക് സൃഷ്ടിച്ച തലവേദന ചെറുതല്ല.
എതിർചേരിയുടെ കോട്ടകളാണെങ്കിൽ കൂടി യുവാക്കളെ പരിഗണിച്ച മണ്ഡലങ്ങളിൽ കടുത്ത വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. കെ.എം അഭിജിത്ത് (നാദാപുരം), സുധീർഷാ പാലോട് (വാമനപുരം), വി.ടി സൂരജ് (ബാലുശ്ശേരി), അബിൻവർക്കി (ആറൻമുള), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ) എന്നിവ ഉദാഹരണം.
സ്ഥാനാർഥിനിരയിലെ ചെറുപ്പം യു.ഡി.എഫിനാണ്. 50 വയസിന് താഴെയുള്ള 46 പേരാണ് കോൺഗ്രസ് ക്യാമ്പിൽ. എൽ.ഡി.എഫിന് 30 ഉം. മുഖ്യമന്ത്രിയടക്കം 80 വയസിന് മുകളിൽ മൂന്ന് പേരാണ് ഇടതുക്യാമ്പിൽ ജനവിധി തേടുന്നത്.


