ആധാരം രജിസ്ട്രേഷൻ വിവരങ്ങൾ വെബ്സൈറ്റിൽ; സൈബർ തട്ടിപ്പിന് വഴിതുറക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങള്‍ ആർക്ക് വേണമെങ്കിലും ദുരുപയോഗിക്കാൻ പാകത്തിൽ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ വിശദാംശങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയയോടെ ആശങ്കാജനകമായ സാഹചര്യമാണ്സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതുവഴി വ്യക്തികളുടെ ആധാര്‍, പാന്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബർ തട്ടിപ്പുകാർക്ക് ലഭിക്കുന്നെന്ന ഗൗരവതരമായ പരാതികൾ ഉയർന്നുകഴിഞ്ഞു. സാധാരണയായി ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ ആധാർ, പാന്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഒപ്പം ഇവയുടെ പകർപ്പ് സബ് രജിസ്ട്രാർ ഓഫിസുകളില്‍ നല്‍കുന്നതാണ് രീതി.
എന്നാൽ, ഓരോ രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ വിവരം, കൈമാറിയ തുക, ഭൂമി വാങ്ങിയവരുടെയും കൈമാറ്റം ചെയ്തവരുടെയും പേരുകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഉൾപ്പെടുത്തിയ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതാണ് തട്ടിപ്പുകാർക്ക് ചാകരയായത്. രണ്ടുമാസം മുമ്പാണ് ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താൻ എന്ന അവകാശവാദത്തോടെ ഇങ്ങനെയൊരു പരിഷ്കാരം കൊണ്ടുവന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ ഈ വീണ്ടുവിചാരമില്ലാത്ത നടപടി കാരണം ഉറപ്പായും സംരക്ഷിക്കപ്പെടേണ്ട സ്വകാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇതിനൊപ്പമാണ് രേഖകളുടെ ദുരുപയോഗത്തിനുള്ള അനന്തമായ സാധ്യതകളും തുറന്നിടപ്പെടുന്നത്.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് ആധാരത്തിന്റെ നമ്പര്‍ കിട്ടിയാല്‍ ആര്‍ക്കുവേണമെങ്കിലും ആധാരങ്ങളുടെ പകര്‍പ്പ് തരപ്പെടുത്താനാകും. ഏത് ആധാരവും ഓൺലൈനായി കാണാൻ 120 രൂപയും പകർപ്പെടുക്കാൻ 360 രൂപയും ഫീസായി നൽകിയാൽ മതി. ഇതിനായി സബ് രജിസ്ട്രാർ ഓഫിസുകളില്‍ പോകേണ്ടതുപോലുമില്ല. ആധാരത്തിലാകട്ടെ ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ടാകും. അടുത്തിടെ ലക്ഷങ്ങളുടെ ഭൂമികൈമാറ്റ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈബര്‍ തട്ടിപ്പുസംഘത്തിന്റെ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെയാണ് ഈ വിവരങ്ങള്‍ ചോരുന്നതായ സംശയം ഉണ്ടായത്.
ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ആധാര്‍, പാന്‍ ഉള്‍പ്പെടെ രേഖകളുടെ പകര്‍പ്പ് സബ് രജിസ്ട്രാര്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. ഈ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സബ് രജിസ്ട്രാർ ഓഫിസുകളില്‍ നിലവില്‍ സംവിധാനമില്ല. മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഇവ കുന്നുകൂടി കിടക്കുകയാണ്. ഇത്തരത്തിലുള്ള പകർപ്പുകൾ സബ് രജിസ്ട്രാർ ഓഫിസുകളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു.


