'കശ്മീരിൽ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി, അനിയത്തിയെപ്പോലെ കൊണ്ടുനടന്നു, അള്ളാ അവരെ രക്ഷിക്കട്ടെ'; നെഞ്ചുലക്കുന്ന ഓർമകൾ പങ്കുവെച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ
text_fieldsകൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.
"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.
പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.
അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.
എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."
ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.