പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; തടവിൽ പാർപ്പിച്ച വീട്ടിൽനിന്ന് ഇറങ്ങിയോടി
text_fieldsവി.പി. മുഹമ്മദലി
കൂറ്റനാട് (പാലക്കാട്): വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പൊലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായ വി.പി. മുഹമ്മദലിയെ (വലിയപീടിയക്കൽ മുഹമ്മദലി) കോതകുറിശ്ശിയിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടി സമീപത്തെ പള്ളിയിൽ കയറുകയായിരുന്നു. ഈ സമയം പള്ളിയിലുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ബിസിനസ് വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് വിവരം. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി.
ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.


