മെഡിക്കൽ വിദ്യാർഥികളുടെ അപകട മരണം; നാളെ ഒരാണ്ട്
text_fieldsആൽവിൻ ജോർജ്, മുഹമ്മദ് അബ്‌ദുൾ ജബ്ബാർ, ആയുഷ് ഷാജി, ബി. ദേവാനന്ദൻ, പി.പി. മൊഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സൻ
അമ്പലപ്പുഴ: ഒരു നാടിനെ നടുക്കിയ ആറ് മെഡിക്കൽ വിദ്യാർഥികളുടെ ദാരുണാന്ത്യത്തിന് ചൊവ്വാഴ്ച ഒരാണ്ട് പൂർത്തിയാകും. നെഞ്ചിൽ വിങ്ങുന്ന ഓർമകളും തോരാത്ത കണ്ണീരുമായി കഴിയുകയാണ് ബന്ധുമിത്രാദികളും അടുത്ത സഹപാഠികളും.
2024 ഡിസംബർ രണ്ടിന് രാത്രി 9.20 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ ആൽവിൻ ജോർജ്, ബി. ദേവാനന്ദൻ,ആയുഷ് ഷാജി, മുഹമ്മദ് അബ്‌ദുൾ ജബ്ബാർ, പി.പി. മൊഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സൻ എന്നിവർ മരിച്ചത്.
വണ്ടാനത്തെ ഹോസ്‌റ്റലിൽ നിന്ന് വാടകക്കെടുത്ത വാനിൽ ആലപ്പുഴ നഗരത്തിലേക്ക് സെക്കന്റ് ഷോ സിനിമക്കായി സഹപാഠികൾ ഒരുമിച്ചു പോകുകയായിരുന്നു. കനത്ത മഴയിൽ കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിലെത്തിയപ്പോൾ നീയന്ത്രണം തെറ്റിയ കാർ വടക്ക് നിന്ന് വന്ന കെ.എസ്.ആർ.ടി.സിഫാസ്‌റ്റ് പാസഞ്ചർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ആറ് വിദ്യാർഥികളുടെയും ഫോട്ടോ അനാഛാദനം പുഷ്പാർച്ചനക്കു ശേഷം ചൊവ്വാഴ്ച രാവിലെ 10 ന് ലൈബ്രറി സെൻട്രൽ ഹാളിൽ നടക്കും. വിദ്യാർഥികളുടെ ഓർമക്കായി കേരളത്തിന്റെ വൃക്ഷമായ പ്ലാവ് ബന്ധുമിത്രാദികൾ നടും. വൃന്ദാവൻ എന്ന് പേരിട്ട പൂന്തോട്ട നിർമാണത്തിനും അന്ന് കോളജ് കാമ്പസിൽ തുടക്കമാകും.


