മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി
text_fieldsമലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയായിരുന്നു ബി.എൽ.ഒയുടെ അഭ്യാസം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവൻ പറയുന്നത്.
സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബി.എല്‍.ഒ
മുണ്ടക്കയം: എസ്.ഐ.ആര് ജോലിയുടെ സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബി.എല്‍.ഒ. പൂഞ്ഞാര്‍ മണ്ഡലം 110 ാം ബൂത്തിലെ ബി.എൽ.ഒ ആന്റണിയാണ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം പങ്കുവെച്ചത്. എസ്.ഐ.ആര് ജോലികളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തെരഞ്ഞെടുപ്പ് കമീഷനും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാതരത്തിലും ചൂഷണം ചെയ്യുകയാണെന്നും ആന്റണി പറയുന്നു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഈ പണി ചെയ്യിപ്പിക്കുന്നത്. അടിമപ്പണി ദയവ് ചെയ്ത് നിര്‍ത്തണം. തന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫിസിന്റെയോ കലക്ടറേറ്റിന്റെയോ മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. സന്ദേശം പ്രചരിച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കറും ജില്ലാ കലക്ടർ ചേതൻകുമാർ മീണയും വീഡിയോ കോൺഫറൻസിങ് വഴി ആന്റണിയുമായി സംസാരിച്ചു. ജോലിയിൽനിന്ന് വിട്ടുനിൽക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തെങ്കിലും ബി.എൽ.ഒ ജോലിയിൽ തുടരാൻ സന്നദ്ധത അറിയിച്ചു. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് തഹസിൽദാർ നിജു മോൻ ആന്റണിയുടെ വീട്ടിലെത്തുകയും ചെയ്തു.


