എ.ഡി.ജി.പിക്ക് മുഖ്യ കവചം
text_fieldsതിരുവനന്തപുരം എ.കെ.ജി സെന്ററില് ചേർന്ന എൽ.ഡി.എഫ് യോഗത്തിനുശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ചാവിവാദത്തിൽ ഘടകകക്ഷികൾ കടുത്ത വിയോജിപ്പ് തുറന്നുപറഞ്ഞിട്ടും എൽ.ഡി.എഫ് യോഗത്തിൽ എം.ആർ. അജിത്കുമാറിനായി മുഖ്യമന്ത്രിയുടെ രക്ഷാദൗത്യം. ക്രമസമാധന ചുമതലയിൽ അജിത്കുമാർ തുടരുന്നത് മുന്നണിയുടെയും സർക്കാറിന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് ആർ.ജെ.ഡിയും സി.പി.ഐയും അടക്കം ചൂണ്ടിക്കാട്ടിയിട്ടും ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കൂടിക്കാഴ്ച വിഷയവും ഉൾപ്പെടുത്താമെന്നും റിപ്പോർട്ട് വന്ന ശേഷം തീരുമാനിക്കാമെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഇതോടെ ‘അജിത്കുമാറിനെ കൈവിടാൻ തയാറല്ല’ എന്ന മുഖ്യമന്ത്രിയുടെ വഴിയിലേക്ക് മുന്നണിയുടെ തീരുമാനവും ചെന്നെത്തുകയായിരുന്നു.
ടി.പി. രാമകൃഷ്ണൻ മുന്നണി കൺവീനറായ ശേഷമുള്ള ആദ്യ മുന്നണിയോഗമാണ് ബുധനാഴ്ച ചേർന്നത്. എ.ഡി.ജി.പി-ആർ.എസ്.എസ് വിഷയം യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നില്ല. ആർ.ജെ.ഡിയാണ് ഇക്കാര്യം യോഗത്തിൽ ആദ്യം ഉന്നയിച്ചത്. ഭരണമുന്നണിയുടെ ഏകോപന സമിതിയാണ് ഇടതുമുന്നണി സംവിധാനമെന്നും സ്വഭാവികമായും ഭരണമുന്നണിയെ ബാധിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമെന്ന നിലയിൽ വിഷയം ചർച്ച ചെയ്യണമെന്നുമായിരുന്നു ആർ.ജെ.ഡി പ്രതിനിധി വർഗീസ് ജോർജിന്റെ നിലപാട്. ഇതോടെയാണ് വിവാദം ചർച്ച ചെയ്യാൻ യോഗം തയാറായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതലയിൽ അജിത്കുമാർ തുടരുന്നതിന്റെ അനൗചിത്യം ഘടകകക്ഷികൾ ഒരോരുത്തരും അക്കമിട്ടു നിരത്തി. ‘കോൺഗ്രസും പ്രതിപക്ഷവും മുമ്പ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങൾ ഉയർത്തി നിലവിലെ പ്രതിസന്ധിയെ പ്രതിരോധിക്കാനാവില്ല. ഇടതു സർക്കാർ ഭരിക്കുമ്പോൾ സുപ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്തിന് ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന് വിശദീകരിക്കാൻ മുന്നണി ബാധ്യസ്ഥമാണ്. നിലവിൽ ചുമതലയിൽനിന്ന് ഒഴിവാക്കുകയെങ്കിലും ചെയ്തെങ്കിലേ രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് തലയൂരാനാകൂവെന്നതായിരുന്നു ഘടകകക്ഷികളുടെ നിലപാട്.
എന്നാൽ, ചർച്ചക്ക് മറുപടി പറയവേയാണ് അധ്യക്ഷനായ മുഖ്യമന്ത്രി, ഡി.ജി.പിയുടെ അന്വേഷണ പരിധി ആർ.എസ്.എസ് കൂടിക്കാഴ്ചയും ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിന് ശേഷം തീരുമാനമെന്നുമുള്ള നിലപാട് വിശദീകരിച്ചത്. പിന്നീട് യോഗത്തിൽ മറുവാദങ്ങളുമുണ്ടായില്ല. അതേസമയം, മുന്നണിയോഗത്തിന് ശേഷം വിഷയം രാഷ്ട്രീയ പ്രശ്നമാണ്, രാഷ്ട്രീയമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന വർഗീസ് ജോർജിന്റെ പരസ്യപ്രതികരണം മുന്നണി തീരുമാനത്തിൽ അതൃപ്തി പ്രതിഫലിക്കുന്നതായി. ഇതോടൊപ്പം ആർ.എസ്.എസ് -എ.ഡി.ജി.പി കൂടിക്കാഴ്ചയിലെ രാഷ്ട്രീയ ശരി ഷെയ്ഖ് ദർവേശ് സാഹിബ് എന്ന ഐ.പി.എസുകാരനാണോ സി.പി.എമ്മിന് കണ്ടെത്തി നൽകേണ്ടതെന്ന ചോദ്യവും ഉയരുകയാണ്.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലാണ് ഇ.പി. ജയരാജനെ മുന്നണി കൺവീനറുടെ സ്ഥാനത്തുനിന്ന് നീക്കിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ സംരക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ഇ.പിയുടെ നടപടിക്കാര്യത്തിൽ പാർട്ടി മലക്കംമറിയുകയാണ്. ഇ.പി. ജയരാജനെ നീക്കിയത് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലല്ലെന്നും അതു തികച്ചും സംഘടനപരമായ തീരുമാനമാണെന്നുമാണ് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്റെ വിശദീകരണം.