അടിച്ചില്‍തൊട്ടി ആദിവാസി ഗ്രാമത്തില്‍ ഇനി വായനയുടെ വസന്തം
text_fieldsവനവികസന സമിതി കതിര് പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് ഡി.ബി കോളജിന്റെ
സഹകരണത്തോടെ അതിരപ്പള്ളി അടിച്ചില്‍തൊട്ടി ആദിവാസി ഗ്രാമത്തില്‍ ആരംഭിച്ച
വായനശാലയുടെ ഡോ. ജെ ജസ്റ്റിന് മോഹന്‍ നിര്‍വഹിക്കുന്നു
തലയോലപ്പറമ്പ്: മലയാറ്റൂര്‍ വനം ഡിവിഷന് കീഴില്‍ ഉള്‍വനത്തിലെ അടിച്ചില്‍തൊട്ടി ആദിവാസി ഗ്രാമത്തിന് ‘കതിര്’ വായനശാല സമ്മാനിച്ച് തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ്. വനാശ്രിത വിഭാഗങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനവും വ്യക്തിത്വ വളര്‍ച്ചയും ലക്ഷ്യമിട്ട് വനം-വന്യജീവി വകുപ്പും സംസ്ഥാന വനംവികസന ഏജന്‍സിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ‘കതിര്’.
ഇതിന്റെ ഭാഗമായി ഡി.ബി കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ശേഖരിച്ച ആയിരത്തിമുന്നൂറിലധികം പുസ്തകങ്ങളും കായിക ഉപകരണങ്ങളും ഉള്‍പ്പെടുത്തിയാണ് വായനശാല ഒരുക്കിയത്. അടിച്ചില്‍തൊട്ടി ആദിവാസി വനസംരക്ഷണ സമിതിയോട് അനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ആരംഭിച്ച വായനശാല ഫോറസ്റ്റ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ. ജസ്റ്റിന് മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. ആര്. അനിത ആദ്യ പുസ്തകം ആദിവാസി മൂപ്പന് കൈമാറി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്. ആടലരശന് അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒമാരായ കുറ ശ്രീനിവാസ്, രവികുമാര്‍ മീണ, ആര്. വെങ്കിടേഷ്, ആര്. ലക്ഷ്മി, ശ്രീദേവി മധുസൂദനന്, അസി. പ്രഫസര്‍മാരായ ഡോ. എസ്.കെ. ജയശ്രീ, ഡോ. സി.എസ്. ദീപ, എന്‍. സുമേഷ്, ഡോ. എം. വിജയ് കുമാര്‍, ഡോ. കെ.ടി. അബ്ദുസ്സമദ്, ഡോ. സൗമ്യ ദാസന്, അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ആര്. സന്തോഷ് കുമാര്‍, നിധീഷ് കുമാര്‍, ഇടമലയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്. രഞ്ജിത്ത്, കോളജ് ലൈബ്രേറിയന്‍ എം.എസ്. അനൂപ്, നിബു കിരണ്‍ എന്നിവര്‍ പങ്കെടുത്തു.