പെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയവരിൽ ഒരാളായ അന്നക്കുട്ടി നിര്യാതയായി
text_fieldsഅടിമാലി: വിധവ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് സർക്കാറിനെതിരെ പിച്ചച്ചട്ടി സമരവുമായി തെരുവിലിറങ്ങിയ വയോധികകളിലൊരാളായ ഇരുന്നൂറേക്കർ വള്ളപ്പടി താണിക്കുഴി വീട്ടിൽ അന്നക്കുട്ടി (88) നിര്യാതയായി. പരേതനായ ഔസേപ്പിന്‍റെ ഭാര്യയാണ്. വിധവ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയതോടെയാണ് മൺചട്ടിയുമായി ഭിക്ഷയെടുത്ത് പ്രായമായ സ്ത്രീകളുടെ പ്രതിഷേധം നടന്നത്.
അടിമാലി ഇരുന്നൂറേക്കർ മില്ലുംപടി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോ, പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി ഔസേപ്പ് എന്നിവരാണ് സർക്കാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ബോർഡ് കഴുത്തിൽ തൂക്കി മൺചട്ടിയുമായാണ് രണ്ടുദിവസം അടിമാലി ടൗണിൽ ഭിക്ഷയെടുത്തത്.
15 വർഷംമുമ്പാണ് അന്നയുടെ ഭർത്താവ് മരിച്ചത്. മക്കളും മരിച്ചു. ഇളയ മകളുടെ 20കാരനായ മകൻ മാത്രമാണ് കൂട്ടിനുള്ളത്. പെൻഷൻ മാത്രമായിരുന്നു തങ്ങളുടെ ഏക ആശ്രയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അന്നക്കുട്ടി, മറിയക്കുട്ടിയോടൊപ്പം പ്രതിഷേധത്തിനിറങ്ങിയത്. ഇരുവരുടെയും സമരം സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർത്തുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ക്ഷേമ പെൻഷൻ വിതരണം സർക്കാർ കുടിശ്ശിക തീർത്ത് കാര്യക്ഷമമാക്കിത്തുടങ്ങിയത്.
മക്കൾ: പരേതരായ ഗ്രേസി വർഗീസ്, സൂസൻ, നൈനാൻ.