Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ധ്യയുടെ കാൽമുട്ടിന്...

സന്ധ്യയുടെ കാൽമുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; 72 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ

text_fields
bookmark_border
സന്ധ്യയുടെ കാൽമുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; 72 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ
cancel
Listen to this Article

അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിയിൽ മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ നിന്നും ഗുരുതരമായി പരിക്കേറ്റ് ജീവിതത്തിലേക്ക്​ കരകയറിയ സന്ധ്യയുടെ കാൽമുട്ടിന് താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതുകാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.

എങ്കിലും ഇനിയുള്ള 72 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഓർത്തോ, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വലതുകാലിലെ പേശികളും ചതഞ്ഞിട്ടുണ്ട്.

അതേസമയം, മണ്ണിടിച്ചിലിൽ മരിച്ച സന്ധ്യയുടെ ഭർത്താവ് ബിജുവിന്‍റെ (46) മൃതദേഹം തറവാട്ട് വളപ്പിൽ സംസ്കരിച്ചു. ബിജു മരിച്ച വിവരം സന്ധ്യയെ അറിയിച്ചിട്ടില്ല. ഒരു വർഷം മുമ്പ് അസുഖ ബാധിതനായ ബിജുവിന്റെ മകൻ ആദർശ് മരിച്ചിരുന്നു. കുടുംബം ഈ ദുഃഖത്തിൽനിന്ന് കരകയറുന്നതിന് മുമ്പാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. അടിമാലിയിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരിയാണ് സന്ധ്യ. മകൾ ആര്യ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. കർഷകനായ ബിജു, തടിപ്പണിയും വ്യാപാരവും ചെയ്തിരുന്നു.

ഇവരെ അടക്കം പ്രദേശത്തെ 26 കുടുംബങ്ങളെ ശക്തമായ മഴ മുന്നറിയിപ്പിനെ തുട‍ർന്ന് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പാകം ചെയ്ത് വെച്ച ഭക്ഷണവും പ്രധാനപ്പെട്ട രേഖകളും എടുക്കുന്നതിന് വേണ്ടി വൈകീട്ട് ഇവർ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45 ഓടെ 100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള എട്ട്​ വീടുകളിലേക്കും പതിക്കുകയായിരുന്നു.

കോൺക്രീറ്റ് ബീമിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും പുറത്തെത്തിച്ചത്. സന്ധ്യയെ രക്ഷിച്ച് ഒരുമണിക്കൂറോളം കഴിഞ്ഞ്​ ബിജുവിനെയും പുറത്തെടുക്കാനായെങ്കിലും ജീവൻ അവശേഷിച്ചിരുന്നില്ല. രണ്ട്​ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തക‍ർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.

Show Full Article
TAGS:Adimali Landslide Landslide adimali 
News Summary - Adimali Landslide surgery for housewife sandhya
Next Story