ഈരാറ്റുപേട്ടയിൽ ആദിവാസി യുവാവിനെ പൊലീസ് മർദിച്ചെന്ന്
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കരയിൽ ആദിവാസി യുവാവിനെ വീട്ടിൽനിന്ന് ബലമായി പിടിച്ചിറക്കി പൊലീസ് മർദിച്ചതായി പരാതി. ഇതേതുടർന്ന് യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ആറാം വാർഡ് ആറ്റിനാൽ ഇടക്കര പൂവത്തുങ്കൽ അഭിലാഷിനെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ഇ.ബി ലൈൻ കമ്പികൾ മോഷണം പോയ സംഭവത്തിൽ അന്വേഷണ ഭാഗമായാണ് അഭിലാഷിനെ ചോദ്യം ചെയ്യാൻ മഫ്തിയിലുള്ള അഞ്ചംഗ പൊലീസ് സംഘം വീട്ടിലെത്തിയത്. തുടർന്ന് ബലമായി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി. തടയാൻ ശ്രമിച്ച ബന്ധുക്കളോടും സമീപവാസികളോടും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. കാറിനുള്ളിൽ തലക്കടിക്കുകയും താഴെവീണ അഭിലാഷിനെ ശരീരമാസകലം ചവിട്ടുകയും ചെയ്തെന്നും ആരോപണമുണ്ട്. പിന്നീട് എസ്.സി പ്രമോട്ടറെ വിളിച്ചുവരുത്തിയ ശേഷമാണ് അഭിലാഷിനെ വീട്ടിലേക്ക് വിട്ടയച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ഇലക്ട്രിക് കേബിളുകൾ നഷ്ടപ്പെട്ട പരാതിയിൽ വിവരം തിരക്കാനാണ് അഭിലാഷിന്റെ വീട്ടിലെത്തിയതെന്നും മദ്യപിച്ചിരുന്ന അഭിലാഷ് പൊലീസിനെ കണ്ട് ബഹളം വെക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.


