ദിവ്യയെ പാർട്ടി കൈവിടുന്നു; നടപടി വന്നേക്കും
text_fieldsപി.പി. ദിവ്യ
തിരുവനന്തപുരം: ആർ.ഡി.ഒ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ പാർട്ടിയും കൈവിടുന്നു. പി.പി ദിവ്യക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ സൂചന നൽകി. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഇടതുമുന്നണി യോഗത്തിൽ അധ്യക്ഷത വഹിച്ച പിണറായി വിജയൻ, വർത്തമാന രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കവെയാണ് ദിവ്യക്കെതിരായ നടപടിയുടെ കാര്യം പരാമർശിച്ചത്.
ആർ.ഡി.ഒയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ ദിവ്യക്ക് വീഴ്ച പറ്റിയെന്ന് പാർട്ടിയും സർക്കാറും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൽ ഉയർന്ന രോഷം സർക്കാർ തിരിച്ചറിയുന്നു.
പാർട്ടിയുടെയോ സർക്കാറിന്റെയോ സംരക്ഷണം ആർക്കുമുണ്ടാകില്ല. അന്വേഷണം നടക്കുന്നുവരികയാണ്. അതനുസരിച്ചുള്ള നടപടികൾ സർക്കാറിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. കണ്ണൂർ ജില്ല കമ്മിറ്റിയംഗമായ പി.പി ദിവ്യക്കെതിരെ പാർട്ടിയിൽ നടപടിയുണ്ടായേക്കുമെന്നതിന്റെ സൂചനയാണ് പിണറായിയുടെ വാക്കുകൾ.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും കേസെടുക്കുകയും ചെയ്തുവെങ്കിലും പി.പി ദിവ്യക്കെതിരെ തുടർനടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദിവ്യുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വകുപ്പുതല അന്വേഷണത്തിൽ മൊഴി നൽകാൻ വിളിപ്പിച്ചപ്പോൾ ദിവ്യ ഹാജരായില്ല. കോടതിയെ സമീപിച്ച ദിവ്യ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമത്തിലാണ്. അതിനായി അറസ്റ്റ് നടപടികൾ പൊലീസ് വൈകിപ്പിക്കുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷ സമരരംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് ദിവ്യയെ കൈവിടാൻ പാർട്ടി ഒരുങ്ങുന്നത്.
ജാമ്യഹരജിയിൽ 24ന് വാദം കേൾക്കും
തലശ്ശേരി: എ.ഡി.എം കെ. നവീന് ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പ്രസംഗത്തിൽ ചുമത്തിയ ആത്മഹത്യ പ്രേരണക്കേസിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 24ന് വാദം കേൾക്കും. തിങ്കളാഴ്ച രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി, കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷനോട് നിർദേശിച്ചു. ജാമ്യത്തെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷിചേർന്നതോടെ ഇവരുടെ വാദവും കേൾക്കും. അഡ്വ. കെ. വിശ്വൻ മുഖേനയാണ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ ഹരജി സമർപ്പിച്ചത്. ഹൈകോടതി അഭിഭാഷകൻ ജോൺ എഫ്. റാൽഫ്, അഡ്വ. പി.എം. സജിത എന്നിവരാണ് നവീൻ ബാബുവിന്റെ കുടുംബത്തിനായി ഹാജരാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തിയത്. പിറ്റേന്നു തന്നെ മുൻകൂർ ജാമ്യാപേക്ഷ ഹരജി നൽകിയെങ്കിലും ഫയലിൽ സ്വീകരിച്ചിരുന്നില്ല. തിങ്കളാഴ്ച ഹരജി ഫയലിൽ സ്വീകരിച്ചെങ്കിലും വിശദമായ വാദം കേൾക്കലിന് 24ലേക്ക് മാറ്റുകയായിരുന്നു.


