‘മാനം പോയാൽ പിന്നെ ജീവിച്ചിരിക്കുമോ? സ്ത്രീക്ക് ജീവനേക്കാൾ വലുതാണ് മാനം; മോളോട് അധ്യാപകൻ മോശമായി പെരുമാറി’ -ആത്മഹത്യ ചെയ്ത അഗ്നിവീർ കോഴ്സ് വിദ്യാർഥിനിയുടെ അമ്മ
text_fieldsപത്തനംതിട്ട: അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മാതാവ്. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനാണെന്നാണ് അമ്മ ആരോപിക്കുന്നത്. അധ്യാപകൻ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടികളെ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം ഉണ്ടായെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
‘അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ മോളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് വഴങ്ങാതെ വന്നപ്പോൾ ഒരുമാസം മുമ്പ് ടൂറിന് പോയപ്പോൾ പകർത്തിയ മോളുടെ നഗ്നചിത്രം കാണിച്ച് അധ്യാപകൻ ഭീഷണിപ്പെടുത്തി. ഞായറാഴ്ചയായിരുന്നു ഇത്. ഇതോടെ മാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ് മകൾ ജീവനൊടുക്കിയത്. ജീവനേക്കാൾ വലുതാ ഒരു സ്ത്രീക്ക് മാനം. മാനം പോയ ഒരു സ്ത്രീ പിന്നെ ജീവിച്ചിരിക്കുമോ? ഇനി എനിക്ക് ഭൂമിയിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയിരിക്കും. അതാണ് ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്’ -അമ്മ പറഞ്ഞു.
അതിനിടെ, മകളുടെ മരണത്തിന് പിന്നിൽ അമ്മയ്ക്ക് ഒപ്പം താമസിച്ച ആദര്‍ശ് എന്ന യുവാവിനുള്ള പങ്കുകൂടി അന്വേഷിക്കണമെന്ന് കുട്ടിയുടെ രണ്ടാനച്ഛൻ ആവശ്യപ്പെട്ടു. മരണദിവസം രാവിലെ ഇയാൾ വീട്ടിലുണ്ടായിരുന്നു. ലോറി ഡ്രൈവറായ ആദർശ് പിന്നീട് ഗോവയിൽ പോയെന്നാണ് പറയുന്നത്. അടൂരിലെ സ്ഥാപനത്തിൽ കുട്ടിയെ പഠിക്കാൻ അയക്കരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും രണ്ടാനച്ഛൻ പറഞ്ഞു. ഒരുവർഷമായി കുടുംബവുമായി അകന്നുകഴിയുകയാണ് രണ്ടാനച്ഛൻ.
അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമിയിൽ ഒന്നര വർഷമായി പഠിക്കുകയായിരുന്നു വിദ്യാർഥിനി. ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഫോൺ അടക്കം വിശദമായി പരിശോധിച്ചെങ്കിലേ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂ എന്ന് കൂടൽ പൊലീസ് പറഞ്ഞു. അതേസമയം, ഉടമ ഫോൺ ഓഫ് ചെയ്ത് മാറി നിൽക്കുകയാണ്. സ്ഥാപനത്തിലേക്ക് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.