അടൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്
text_fieldsഅടൂർ: അടൂർ, പന്തളം നഗരസഭകളും പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭ മണ്ഡലമാണ് അടൂർ. സി.പി.ഐയിലെ ചിറ്റയം ഗോപകുമാറാണ് 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
എൽ.ഡി.എഫിന് വേണ്ടി ണ്ഡലത്തിൽ ഹാട്രിക് വിജയം തികച്ച ശേഷമാണ് ഇത്തവണ അദ്ദേഹം മാറിനിന്ന് പ്രചാരണം നയിക്കുന്നത്. ഇത്തവണ പ്രിജി കണ്ണനിലൂടെ മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായ ദിവസം മുതൽ പേരിനെ ചൊല്ലിയായിരുന്നു മണ്ഡലത്തിൽ പോര്.
കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കുത്തകയായിരുന്ന അടൂർ മണ്ഡല പുനർനിർണയത്തെ തുടർന്നാണ് സംവരണ സീറ്റായത്. ഒപ്പം പഴയ പന്തളം മണ്ഡലത്തിന്‍റെ നല്ലൊരു ഭാഗം അടൂരിന്‍റെ ഭാഗമാകുകയും ചെയ്തു. മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ചിറ്റയം ഗോപകുമാർ പന്തളം സുധാകരനെതിരെ 637 വോട്ടിനാണ് വിജയിച്ചത്.
രണ്ടാം തവണ കെ.കെ. ഷാജുവിനെ കാൽ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. മൂന്നാം തവണ മത്സരത്തിനിറങ്ങിയ ചിറ്റയം ഗോപകുമാറിന് യു.ഡി.എഫ് സ്ഥാനാർഥി അന്തരിച്ച എം.ജി. കണ്ണനോട് രണ്ടായിരത്തിൽ താഴെ വോട്ടിനാണ് വിജയിക്കാനായത്. ഇത്തവണ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് സി.വി. ശാന്തകുമാറിനെയാണ്.
കഴിഞ്ഞ തവണ ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായത് മുന്നണിയെ അലോസരപ്പെടുത്തുന്നു. മുന്നണിയിലെ ഏകോപനമില്ലായ്മയും യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ഉണ്ടായ വ്യക്തിപരമായ ആക്രമണവും വോട്ടു കുറയാൻ കാരണമായെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
അതിനാൽ ശ്രദ്ധിച്ചാണ് അവരുടെ നീക്കങ്ങൾ. 2021ൽ ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് അടൂരിലായിരുന്നു-72.04 ശതമാനം. മണ്ഡലത്തിൽ ആകെയുള്ളത് 2,08,099 വോട്ടർമാരാണ്. എൻ.ഡി.എ സ്ഥാനാർഥിയായ പന്തളം പ്രതാപൻ കഴിഞ്ഞ തവണയും ജനവിധി തേടിയിരുന്നു.
തെരഞ്ഞെടുപ്പ് അടുക്കുംതോറും മണ്ഡലത്തിൽ കനത്ത ചൂടിനെയും മറികടക്കുന്ന പ്രചാരണ ചൂടാണ്. പ്രമുഖ നേതാക്കളുടെ വരവോടെ അനുദിനം മത്സരം കടുക്കുകയുമാണ്. അടൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും സി.പി.എമ്മിലെ പടലപ്പിണക്കങ്ങളും യു.ഡി.എഫ് മണ്ഡലത്തിൽ ആയുധമാക്കിക്കഴിഞ്ഞു.
അതേസമയം, വികസനം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മണ്ഡലം എങ്ങോട്ട് തിരിയുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
പ്രീജി കണ്ണൻ
എ.ഐ.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് കൊല്ലം ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാലയിൽ സെനറ്റ് അംഗമായിരുന്നു. കൊല്ലം ജില്ല പഞ്ചായത്ത് അംഗമായിരുന്നു. കൊല്ലം എസ്.എൻ വനിത കോളജിൽനിന്ന് ബിരുദവും എസ്.എൻ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബൂർ ട്രെയിനിങ് കോളജിൽനിന്ന് ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ ജി ശശിധരന്റെയും അനിതയുടെയും മകളാണ്. കരുനാഗപ്പള്ളി സ്വദേശിയും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ യു. കണ്ണനാണ് ഭർത്താവ്.
അഡ്വ. സി.വി ശാന്തകുമാര്‍
പത്തനംതിട്ട അടൂർ കോടതികളിൽ പ്രാക്ടിസ് ചെയ്യുന്ന യുവ അഭിഭാഷകനാണ്. പന്തളം എൻ.എസ്.എസ് കോളജിൽനിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം ആർട്സ് കോളജിൽനിന്ന് ബിരുദവും, തൃശൂർ ലോ കോളജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശാന്തകുമാർ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ എസ്.സി ഡിപ്പാർട്ട്മെന്റ് ദേശീയ കോഓഡിനേറ്ററാണ്. 21ാം വയസ്സിൽ പഞ്ചായത്ത് അംഗമായി തുടർച്ചയായി 20 വർഷം ജനപ്രതിനിധിയായി. സി.എസ്. വാസുവിന്റെയും, കെ.എ. തങ്കമ്മയുടെയും മകനാണ്. ഭാര്യ നിഷ ബാബു (തദ്ദേശ വകുപ്പ് ഓവർസിയർ).
പന്തളം പ്രതാപൻ
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ജില്ല പ്രഭാരി, ഹൈകോടതിയിലെ കേന്ദ്രസർക്കാറിന്റെ സീനിയർ സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിലർ, പത്തനംതിട്ട ജില്ല കോടതിയിലെ അഭിഭാഷകൻ. കഴിഞ്ഞതവണ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരന്റെ സഹോദരനാണ്.


