അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് നിര്യാതനായി
text_fieldsഅഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട്
തൃശ്ശൂർ: തൃശ്ശൂർ കഥകളി ക്ലബ്ബിന്റെ സജീവ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് നിര്യാതനായി. 1965ൽ കഥകളി ക്ലബ് ആരംഭിച്ചത് മുതൽ വിവിധ പദവികൾ വഹിച്ചു. നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായിരുന്ന അദ്ദേഹം, വിവിധ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
1934 ആഗസ്റ്റ് 24ന് ചേർപ്പ് ചിറ്റൂർ മനയിൽ കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായാണ് സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്‍റെ ജനനം. സെന്റ് തോമസ് കോളജിലെ പഠനത്തിനു ശേഷം എറണാകുളം ലോ കോളജിൽ നിന്നും നിയമബിരുദം നേടി തൃശ്ശൂർ ബാറിൽ എൻറോൾ ചെയ്തു. ധനലക്ഷ്മി ബാങ്ക്, നെടുങ്ങാടി ബാങ്ക്, പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭ എന്നിവയുടെ നിയമോപദേശകനായിരുന്നു. ബാർ അസോസിയേഷനിലും സജീവമായി പ്രവർത്തിച്ചു.
തായം കുളങ്ങര ക്ഷേത്രം നവീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് സി.കെ ആയിരുന്നു. നമ്പൂതിരിപ്പാടിനെ കുറിച്ച് "ജ്ഞാനസാരഥി" എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ചിട്ടുണ്ട്. കഥകളി ക്ലബ്ബിന്റെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ ചരിത്രരേഖ തയാറാക്കിയത് സി.കെയാണ്. 2021ൽ കലാമണ്ഡലം മുകുന്ദരാജ പുരസ്‌കാരം നൽകി ആദരിച്ചു.
ഭൗതികശരീരം രാവിലെ 10 മുതൽ 12 വരെ അയ്യന്തോളുള്ള വസതിയിലും തുടർന്ന് ചേർപ്പിൽ തറവാട്ടിലും പൊതുദർശനത്തിനു വെക്കും. വൈകിട്ട് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: രമണി അന്തർജനം. മക്കൾ: രാജൻ, ജയ അവണൂർ. മരുമക്കൾ: സന്ധ്യ രാജൻ, ദാമോദർ അവണൂർ.


