സംസ്ഥാന സെക്രട്ടറി കണ്ണുരുട്ടി, മലക്കം മറിഞ്ഞ് ജയരാജൻ; സി.പി.എമ്മിൽ അഭിപ്രായ ഭിന്നത
text_fieldsകണ്ണൂർ/തിരുവനന്തപുരം: തെറ്റ് തിരുത്തിയാൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും മടങ്ങിവരുന്നതിൽ തടസ്സമില്ലെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് സി.പി.എം നേതാവ് എം.വി. ജയരാജൻ. പ്രാദേശിക ചാനൽ അഭിമുഖത്തിൽ ജയരാജൻ നടത്തിയ പരാമർശത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ തള്ളിക്കളഞ്ഞതോടെയാണ് ജയരാജൻ നിലപാട് തിരുത്തിയത്.
പാർട്ടി വിട്ടവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നായിരുന്നു ജയരാജന്റെ വാദം. എന്നാൽ, ഇതൊരു അച്ചടക്കമുള്ള പാർട്ടിയാണെന്നും ഓരോരുത്തരും ഓരോ ചാനലുകളിൽ സംസാരിക്കുന്നതിന് മറുപടി പറയാനില്ലെന്നും വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, ജയരാജന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചു. ഇതോടെയാണ് ജയരാജൻ മുൻ നിലപാടിൽ നിന്ന് പിന്നാക്കം പോയത്.
പാർട്ടി സെക്രട്ടറിക്ക് ഇക്കാര്യത്തിൽ അതൃപ്തിയില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയ ജയരാജൻ, താൻ പറഞ്ഞ കാര്യങ്ങളിൽ വിമത നേതാക്കളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് വാദിച്ചു. കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനും തെറ്റ് തിരുത്തി അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേർന്ന ചരിത്രവും അദ്ദേഹം ഓർമിപ്പിച്ചു.
തുടർന്ന്, വിമത നേതാക്കളിലേക്ക് പന്ത് തട്ടി വിഷയത്തെ മറ്റൊരു തലത്തിലേക്ക് മാറ്റാനാണ് ജയരാജൻ ശ്രമിച്ചത്. ശത്രു പാളയത്തിലെത്തിയ മൂന്ന് വിമത എം.എൽ.എമാർക്ക് മുന്നിൽ പുതിയ ചോദ്യങ്ങളുമായി അദ്ദേഹം രംഗത്തെത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സതീശൻ-അദാനി ഡീലിനെക്കുറിച്ച് അവർ മറുപടി പറയണമെന്നും, കരാർ വ്യവസ്ഥകൾക്കെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജയരാജൻ വെല്ലുവിളിച്ചു.
പി.എം. ശ്രീ പദ്ധതിയിലെ നിലപാട്, എസ്.ഐ.ആർ നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചതിലുള്ള അഭിപ്രായം എന്നിവയും ജയരാജൻ ഉന്നയിച്ചു.‘തെറ്റ് തിരുത്താനുള്ള അവസരമാണിത്. വഞ്ചന ചെയ്തിട്ടില്ലെങ്കിൽ ഈ വിഷയങ്ങളിൽ മറുപടി പറയാൻ അവർക്ക് ബാധ്യതയുണ്ട്. അതിന് തയ്യാറായില്ലെങ്കിൽ വഞ്ചനയാണ് ചെയ്തതെന്ന് തെളിയിക്കുകയാണ് അവർ ചെയ്യുന്നത്’-ജയരാജൻ കൂട്ടിച്ചേർത്തു.
ജയരാജൻ നേരത്തെ പറഞ്ഞത്...
തെറ്റുതിരുത്തി പാർട്ടിയുമായി സഹകരിക്കാൻ തയ്യാറായി വന്നാൽ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും ഉൾക്കൊള്ളുന്നതിൽ സി.പി.എമ്മിന് വിരോധമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും പോലും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നയപരമായ തെറ്റുകൾ സംഭവിച്ചു എന്ന കാരണത്താൽ പഴയ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന രീതിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. വഞ്ചകരെ ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിക്കാൻ പാർട്ടി ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും, നിലപാടുകൾ തിരുത്തി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ തള്ളിക്കളയുന്ന ശൈലി സി.പി.എമ്മിനില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച പിഴവുകൾ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പയ്യന്നൂരിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ പാർട്ടി വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തളിപ്പറമ്പിലെ സ്ഥിതി വ്യത്യസ്തമാണെങ്കിലും, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകൾ തിരിച്ചടിയായെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.
ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതിനോട് വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചതും വാർത്തയായിരുന്നു. ഈ വിഷയത്തിലും എം.വി. ജയരാജൻ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ ഭേദമന്യേ ആരുടെ വീട്ടിൽ ആര് ചെന്നാലും ആതിഥ്യമര്യാദ കാണിക്കുക എന്നത് സ്വാഭാവികമാണ്. എത്തുന്നവരെ തിരിച്ചയക്കാൻ പാടില്ല. എന്നാൽ, വന്നയാളെ സത്കരിച്ച് പറഞ്ഞയക്കുന്നതിനപ്പുറം അത്തരം കൂടിക്കാഴ്ചകൾക്ക് വലിയ രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജയരാജനെ തള്ളി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ
പാർട്ടി വിട്ട വിമതരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പരാമർശങ്ങളെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിമതർ പാർട്ടിയോട് ചെയ്തത് വർഗവഞ്ചനയാണെന്നും അവർ എടുത്തത് ചതിയുടെ നിലപാടാണെന്നും ഗോവിന്ദൻ ആവർത്തിച്ചു. ഓരോ നേതാക്കൾ ഓരോ ചാനലുകളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘നേരത്തേതന്നെ വ്യക്തമാക്കിയതാണ്, തെറ്റുതിരുത്തിയാൽ ഈ ഭൂമുഖത്തുള്ള ആരെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കും. അതിൽ സംശയമില്ല. എന്നാൽ, സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പാർട്ടിയെ വഞ്ചിച്ചാണ് പുറത്തുപോയത്. അതൊരു വർഗവഞ്ചനയാണ്. പാർട്ടി അത് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആ നടപടി ഇപ്പോഴും ശക്തമായി വിമർശിക്കപ്പെടുന്നുണ്ട്, അത് ഇനിയും തുടരും. അതേസമയം, തെറ്റുതിരുത്തിയാൽ ആർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാം എന്നത് ലോകത്തുള്ള എല്ലാവർക്കും ബാധകമായ പൊതുനിയമമാണ്’- അദ്ദേഹം പറഞ്ഞു.


