Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ.ആറിനുശേഷം...

എസ്.ഐ.ആറിനുശേഷം കള്ളവോട്ട് രീതിയിലും മാറ്റം

text_fields
bookmark_border
എസ്.ഐ.ആറിനുശേഷം കള്ളവോട്ട് രീതിയിലും മാറ്റം
cancel

കണ്ണൂർ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ)ത്തിനുശേഷം കള്ളവോട്ട് രീതിയിലും മാറ്റം. ‘പരേതർ’ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തുപോകുന്ന പതിവാണ് എസ്.ഐ.ആറിനുശേഷമുണ്ടായ കാര്യമായ മാറ്റം. എന്നാൽ, സ്ഥലത്തില്ലാത്തവരുടെ പേരിൽ വ്യാജ ഐഡികൾ ഉപയോഗിച്ചാണ് ഇത്തവണ കള്ളവോട്ടെന്നാണ് പരാതി. കണ്ണൂർ ജില്ലയിൽ കടുത്ത മത്സരം നടന്ന പയ്യന്നൂരിലും തളിപ്പറമ്പിലും പുറമെ മുഖ്യമന്ത്രി മത്സരിച്ച ധർമടത്തും ഇത്തരം കള്ളവോട്ടുകൾ ചെയ്തെന്നാണ് പരാതി.

കള്ളവോട്ടിനായി വ്യാജ ഐഡി കാർഡ് നിർമിക്കുന്നുവെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ഇതിനുപുറമെ വ്യാപകമായി ഓപൺ വോട്ടും ചെയ്യിപ്പിച്ചു. എൽ.ഡി.എഫിലെ ടി.ഐ. മധുസൂദനനും യു.ഡി.എഫ് സ്വതന്ത്രൻ വി. കുഞ്ഞികൃഷ്ണനും ഏറ്റുമുട്ടിയ പയ്യന്നൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് പരാതി. 16ാം ബൂത്ത് പെരളം, 19ാം ബൂത്ത് ഏറ്റുകുടുക്ക, 142ാം ബൂത്ത് എരമം സെന്റർ, ബൂത്ത് നമ്പർ ആറ് കൂക്കാനം എന്നിവിടങ്ങളിൽ 95 ശതമാനത്തിൽ അധികമാണ് പോളിങ്. എരമം സെന്ററിൽ 99.8 ശതമാനമാണ് പോളിങ്. ഈ ബൂത്തുകളിൽ ഹാജരാക്കിയ രേഖകളിൽ അധികവും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് അല്ല. വ്യാജ തിരിച്ചറിയൽ കാർഡാണ് ഉപയോഗിച്ചതെന്നും ഈ നാല് ബൂത്തുകളിൽ റീപോളിങ് വേണമെന്നും യു.ഡി.എഫ് ചീഫ് ഏജന്റ് രജിത് നാറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരോട് ആവശ്യപ്പെട്ടു. നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്ന സൂക്ഷ്മ പരിശോധനയിൽ ഈ ബൂത്തുകളിൽ 30മുതൽ 40ശതമാനം വരെ തെരഞ്ഞെടുപ്പ് ഐ.ഡി ഹാജരാക്കിയില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദും ഏറ്റുമുട്ടിയ ധർമടത്തും കള്ളവോട്ട് പരാതി വ്യാപകമാണ്. ബൂത്ത് നമ്പര്‍ 64 ഊര്‍പ്പള്ളി ക്രമനമ്പര്‍ 656 ആശ്രയ് എന്ന വോട്ടര്‍ ബംഗളൂരുവിലാണെന്നും എന്നാൽ, മാതാവ് മറ്റൊരാളെ കൂട്ടിവന്ന് വോട്ട് ചെയ്തെന്നും ബി.ജെ.പി സ്ഥാനാർഥി കെ. രഞ്ജിത്ത് ആരോപിച്ചു.ബൂത്ത് നമ്പര്‍ 66 പടുവിലായി എൽ.പി സ്‌കൂളില്‍ ക്രമനമ്പര്‍ 731 കെ.പി. വിപിന്‍ ലണ്ടനിലാണ്. ഇയാളുടെ വോട്ടും ചെയ്തതായി അദ്ദേഹം പറഞ്ഞു. ബൂത്ത് നമ്പര്‍ 198ല്‍ അറുപതോളം ഓപണ്‍ വോട്ടാണ് ചെയ്തത്. ബൂത്ത് നമ്പര്‍ 174ല്‍ 22 വയസ്സുള്ളയാളുടെതും ഓപണ്‍ വോട്ടായി ചെയ്തെന്നും കെ. രഞ്ജിത്ത് ആരോപിച്ചു.

Show Full Article
TAGS:Kerala Assembly Election 2026 fake ID card Dharmadam Kerala SIR latest news 
News Summary - After SIR, the method of fake votes also changed.
Next Story