സമസ്ത-ലീഗ് പ്രശ്നപരിഹാരം വേഗത്തിലാക്കാൻ ധാരണ
text_fieldsകോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂല, വിരുദ്ധ ഗ്രൂപ്പുകൾ തമ്മിലെ പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിക്കാൻ ഇരുവിഭാഗങ്ങളുമായുള്ള രണ്ടാംഘട്ട ചർച്ചയിൽ ധാരണ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവർ ഇരുവിഭാഗങ്ങളുമായി കോഴിക്കോട് ഹൈസൺ ഹോട്ടലിൽ നടത്തിയ ചർച്ചയിലാണ് പരിഹാര നടപടികൾക്ക് വേഗം കൂട്ടാൻ തീരുമാനിച്ചത്. പതിവിൽനിന്ന് ഭിന്നമായി ഇരുവിഭാഗവും പരസ്പരം കൂടിയിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളിൽ ധാരണയായ ശേഷം അഞ്ചംഗ സമിതിക്ക് മുമ്പാകെ സമർപ്പിക്കുകയായിരുന്നു.
അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.സി. മായിൻഹാജി, മൊയ്തീൻ ഫൈസി പുത്തനഴി, മലയമ്മ അബൂബക്കർ ഫൈസി, ആർ.വി. കുട്ടിഹസൻ ദാരിമി, സലീം എടക്കര, കാദർ ഫൈസി കുന്നുംപുറം തുടങ്ങിയവർ ലീഗ് അനുകൂല ഭാഗത്തുനിന്നും ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം. ഫരീദ് എറണാകുളം, സത്താർ പന്തല്ലൂർ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഒ.പി. അഷ്റഫ്, ഇബ്രാഹിം ഫൈസി പേരാര്, ടി.പി.സി. തങ്ങൾ, സലാം ഫൈസി മുക്കം, കൊടക് അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ മറുഭാഗത്തുനിന്നും ചർച്ചയിൽ പങ്കെടുത്തു.
സി.ഐ.സി പ്രശ്നത്തിൽ നേരത്തെ സമസ്ത മുശാവറ മുന്നോട്ടുവെച്ച ഒമ്പതിന നിർദേശങ്ങൾ നടപ്പാക്കണമെന്ന ആവശ്യം സമിതിക്ക് മുമ്പാകെ ഉന്നയിക്കപ്പെട്ടു. ഇത് പാലിക്കാൻ സി.ഐ.സി തയാറായില്ലെങ്കിൽ സാദിഖലി തങ്ങൾ സി.ഐ.സി ചെയർമാൻ സ്ഥാനത്തുനിന്നും മാറിനിൽക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ സി.ഐ.സിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. സി.ഐ.സി ഘടനപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് പരിഹാരം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രഭാതം പത്രത്തിന്റെ സുപ്രധാന സ്ഥാനങ്ങൾ ഒരുവിഭാഗം ഏകപക്ഷീയമായി കൈയടക്കിയത് അംഗീകരിക്കാനാവില്ലെന്നും അതിൽ ഇരുവിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന നിർദേശവും സമിതി ചർച്ചചെയ്ത് തീരുമാനിക്കും. ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹിത്വത്തിൽനിന്നും ഡോ. ബഹാവുദ്ദീൻ നദ്വിയെ മാറ്റിനിർത്തി ഏകപക്ഷീയമാക്കിയതും സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്.എം.എഫ്) കമ്മിറ്റികളിൽനിന്ന് ഒരുവിഭാഗത്തെ അകറ്റിനിർത്തിയതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. കമ്മിറ്റികളുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള നിർദേശങ്ങൾ വിശദമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികളിലും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി സമസ്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണ സമ്മേളനം എല്ലാവരെയും പങ്കെടുപ്പിച്ച് നടത്താനും ധാരണയായി. മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് മുശാവറയിലെ അഞ്ചംഗ സമിതിയെക്കൂടി ഉൾപ്പെടുത്തി അടുത്തയാഴ്ച വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു.