അജിത്കുമാറിന് ക്ലീന്ചിറ്റ്; കവചമൊരുക്കി, ഒടുവിൽ കൈപൊള്ളി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയുള്ള കോടതി പരാമർശങ്ങളിൽ കൈപൊള്ളി സർക്കാർ. അജിത്കുമാറിനെതിരെ ആരോപണങ്ങൾ കനത്തിട്ടും കവചമൊരുക്കും വിധമായിരുന്നു മുഖ്യമന്ത്രിയുടെയുടെയും ആഭ്യന്തര വകുപ്പിന്റെയും സമീപനം.
അമിത സംരക്ഷണമൊരുക്കുന്നതിൽ ഘടകകക്ഷിയായ സി.പി.ഐ പലവട്ടം അതൃപ്തി പരസ്യമാക്കിയിട്ടും സർക്കാർ മുഖം തിരിച്ചു. നിയമസഭയിലും പുറത്തും പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിട്ടും അവഗണിക്കുന്ന സമീപനമായിരുന്നു സർക്കാറിന്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ മുഖത്തേറ്റ അടിയായി കോടതി ഉത്തരവ് മാറുന്നത്. മാറുഭാഗത്ത് വിഷയം ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവെച്ച് കേരളത്തോട് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനാവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു എന്നതിന് കോടതി ഉത്തരവിലെ പരാമർശങ്ങൾ തെളിവായി നിരത്തിയാണ് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. ഭരണഘടനാവിരുദ്ധമായി ഇടപെട്ട മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ ധാർമികമായി അർഹതയില്ലെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ‘സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണ’മെന്ന കോടതിയുടെ പരോക്ഷ പരാമർശത്തിന്റെ പേരിൽ കെ.എം. മാണിക്കെതിരെ പടപ്പുറപ്പാടിന് നേതൃത്വം നൽകിയ പിണറായി വിജയനെയും പാർട്ടിയെയും കൂടിയാണ് വിജിലൻസ് കോടതിയുടെ നേർക്കുനേർ പരാമർശങ്ങളിൽ യു.ഡി.എഫ് ചോദ്യമുനയിൽ നിർത്തുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗം ഇപ്പോൾ ഇടത് മുന്നണിയിലാണെന്ന രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എമ്മിനെ സംബന്ധിച്ച് പ്രതിപക്ഷത്തുനിന്ന് വന്ന് തറക്കുന്ന ചോദ്യങ്ങൾക്ക് മൂർച്ച കൂടുതലാണ്.
ആരോപണങ്ങളുടെ കരിനിഴലിൽ അജിത്കുമാർ തുടരുമ്പോഴും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ശിപാർശപ്പട്ടികയിൽ ഇടംപിടിക്കും വിധത്തിലേക്ക് വരെ അസാധാരണ സംരക്ഷണ നീക്കം നീണ്ടിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ മറപിടിച്ചായിരുന്നു ഇതെല്ലാം. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ സ്ഥാനക്കയറ്റവും നൽകി. ഇതെല്ലാം യാഥാർഥ്യങ്ങളായി നിലനിൽക്കുമ്പോഴാണ് വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ സർക്കാറിന് തിരിച്ചടിയാകുന്നത്.