അന്ന് വി.എസ് മുന്നിൽ നടക്കുന്നു എന്നാക്ഷേപം; ഇന്ന് പാർട്ടി പിണറായിക്ക് പിന്നിൽ നടക്കുന്നു?
text_fieldsവി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ
കൊല്ലം: വി.എസ് മുന്നിൽ നടക്കുന്നു എന്ന് മുമ്പാക്ഷേപിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് പിണറായിക്ക് പിന്നിൽ നടക്കുന്നുവോ?. 1996ൽ മാരാരിക്കുളത്ത് തോറ്റ വി.എസ് പിന്നീട് 2001ൽ മലമ്പുഴയിൽ വന്ന് മത്സരിച്ച് ജയിച്ച് പ്രതിപക്ഷ നേതാവായ വേളയിലായിരുന്നു വി.എസ് പാർട്ടിക്ക് മുന്നിൽ നടക്കുന്നു എന്ന വിമർശനമുയർന്നത്.
പാർട്ടിയോട് ആലോചിക്കാതെ മതികെട്ടാൻ ഉൾപ്പെടെ ഭൂമി കൈയേറ്റ പ്രദേശങ്ങൾ സന്ദർശിച്ച് ഏകപക്ഷീയമായി പ്രക്ഷോഭങ്ങൾ പ്രഖ്യാപിക്കുകയും അഴിമതി -പെൺവാണിഭ കേസുകളിൽ തുടക്കത്തിലേ വി.എസ് പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ പാർട്ടിക്കപ്പുറമുള്ള സ്വീകാര്യത വി.എസിന് കൈവന്നു. കാടും മലയും പുഴയും സംരക്ഷിക്കാനാഹ്വാനം ചെയ്തുള്ള വി.എസിന്റെ പരിസ്ഥിതി -ജനകീയ പോരാട്ടങ്ങളെ എതിർ ചേരിയിലുള്ളവരും പിന്തുണച്ചു.
ചുരുക്കത്തിൽ പ്രതിപക്ഷത്തുള്ള സി.പി.എമ്മിന്റെ സമരങ്ങൾക്കുപോലും വി.എസില്ലെങ്കിൽ ശ്രദ്ധകിട്ടില്ലെന്ന നിലവന്നു. ഇതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്ന് സംസ്ഥാന കമ്മിറ്റിയിലും വി.എസ് പാർട്ടിക്ക് മുന്നേ നടക്കുന്നുവെന്ന വിമർശനം ഉയർന്നത്. ഇതടക്കം മുൻനിർത്തിയാണ് 2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മുന്നിൽ നിർത്തി വിജയിച്ചിട്ടും പാർട്ടി അദ്ദേഹത്തിന് ആഭ്യന്തരവകുപ്പ് നൽകാതിരുന്നത്.
വി.എസിന് പകരം കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര വകുപ്പ് നൽകാൻ സംസ്ഥാന കമ്മിറ്റി അന്ന് തീരുമാനിക്കുകയായിരുന്നു. പിണറായി സർക്കാറിന്റെ രണ്ടാം ടേമിൽ കെ.കെ. ശൈലജക്ക് മന്ത്രി സ്ഥാനം നൽകാത്തപ്പോൾ ഉയർന്നതിന് സമാനമായിരുന്നു അന്ന് പൊതു ഇടങ്ങളിൽ പാർട്ടിക്കെതിരെ ഉയർന്ന വിമർശനം. പാർട്ടിക്ക് മേലേ ആരുമില്ലെന്ന വാദത്തിന് പിന്നീട് ഏറെ ബലമുയർന്നെങ്കിലും തുടർഭരണത്തോടെ പാർട്ടിക്ക് മുകളിലാണ് പിണറായി നിലകൊള്ളുന്നത് എന്നാണ് പല ഘട്ടത്തിലും ഉയർന്ന ആക്ഷേപം.
രണ്ടാം ടേമിൽ മന്ത്രിമാരെ മുഴുവൻ മാറ്റാനടക്കമുള്ള നിർണായക തീരുമാനം മുന്നോട്ടുവെച്ചത് പിണറായിയാണ്. 75 വയസ്സ് നിബന്ധനയിൽ ആകെ ഇളവ് ലഭിച്ചതും പിണായിക്ക് മാത്രം. കഴിഞ്ഞ എറണാകുളം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനൊപ്പം, പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയൻ ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ രേഖയും അവതരിപ്പിച്ചു.
നേരത്തേ എതിർത്ത സ്വകാര്യ സർവകലാശാല, നിക്ഷേപക സംഗമം അടക്കം ഉൾപ്പെടുത്തിയ രേഖ പാർട്ടി അംഗീകരിക്കുകയും നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവർത്തന റിപ്പോർട്ടിനൊപ്പം, പിണറായി മൂന്നാം സർക്കാറിന്റെ പ്രവർത്തന രേഖയെന്നോണം ‘നവകേരളത്തിനുള്ള പുതുവഴികൾ’ അവതരിപ്പിക്കുന്നുണ്ട്.
റിപ്പോർട്ടിനൊപ്പം ചർച്ച ചെയ്യപ്പെടുന്ന രേഖയിൽ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട ഉദാര സാമ്പത്തിക കാഴ്ചപ്പാടുകളടക്കം ഉള്ളതായാണ് വിവരം. മൂന്നാം സർക്കാറുണ്ടാക്കുമെന്ന് പറയുന്ന പാർട്ടി നേതൃത്വമിപ്പോൾ പറഞ്ഞുവെക്കുന്നതും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പിണറായിക്ക് പിന്നിൽ നിലകൊള്ളുമെന്നാണ്.