ചീഫ് സെക്രട്ടറിക്കെതിരായ ആരോപണം: പരാതി വകുപ്പുതല പരിശോധനക്ക് കൈമാറി വിജിലൻസ്
text_fieldsകോട്ടയം: ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ അഴിമതി ആരോപിച്ച് നൽകിയ പരാതി മറ്റൊരു വകുപ്പിന് കൈമാറി വിജിലൻസ്. ജയതിലക്, സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെ പൊതുഭരണ വകുപ്പ് മുൻ അഡീഷനൽ സെക്രട്ടറി ബെൻസി നൽകിയ പരാതിയാണ് പട്ടിക ജാതി-വർഗ വകുപ്പിന്റെ അന്വേഷണത്തിനായി വിജിലൻസ് കൈമാറിയത്.
പട്ടികജാതി വിഭാഗത്തിനുള്ള കേന്ദ്ര തൊഴിൽ പരിശീലന പദ്ധതി നടത്തിപ്പിൽ ജയതിലകും കെ. ഗോപാലകൃഷ്ണനും ക്രമക്കേട് നടത്തിയെന്ന് കാണിച്ച് കേന്ദ്ര വിജിലൻസ് കമീഷണർക്കാണ് ബെൻസി പരാതി നൽകിയിരുന്നത്. ജയതിലക് ചീഫ് സെക്രട്ടറി ആകുമെന്ന് ഉറപ്പായതിന് ആഴ്ചകൾക്ക് മുമ്പായിരുന്നു ഇത്.
ബെൻസിയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫിസാണ് വിജിലൻസിന് കൈമാറിയത്.