'ഓരോ മാസവും ഓരോന്ന് പടച്ചുവിടും, മുഖമില്ലാത്തവർ പറയുന്നത് ആര് ശ്രദ്ധിക്കുന്നു, കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തുംപറയാം'; രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: സി.പി.എമ്മിന്റെ സൈബറിടങ്ങളിൽ നിന്നുള്ള വ്യാജ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടക്കുന്നു. ഒരോ മാസവും ഒരോന്ന് പടച്ചുവിടും അതിനൊന്നും പ്രതികരിച്ച് ഇത്തരക്കാർക്ക് ഇടം നൽകരുതെന്ന് രാഹുൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന പ്രചാരണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെ കുറിച്ചും എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. മുഖമില്ലാത്തവർ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്ന് ചോദിച്ച രാഹുൽ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അറിവുണ്ടോയെന്നും ചോദിച്ചു.
നിയമപരമായി പോകാൻ കഴിയുന്ന കാര്യമാണെങ്കിൽ ഇത്തരക്കാർ ആ വഴിക്ക് നീങ്ങട്ടെ. അതല്ലേ അതിന്റെ മാന്യതയെന്നും രാഹുൽ ചോദിച്ചു. താനും തന്റെ മണ്ഡലത്തിൽ ഉള്ളവരും ഇതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.