തൊഴിലുറപ്പ് മിഷൻ; ക്രമക്കേട് പുറത്തുവരാതിരിക്കാൻ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥനെ നിലനിർത്തുന്നു
text_fieldsകോഴിക്കോട്: സംസ്ഥാന തൊഴിലുറപ്പ് മിഷനിൽ നടന്ന ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവരാതിരിക്കാൻ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥനെ നിലനിർത്തുന്നതായി ആക്ഷേപം. സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ഡയറക്ടർ തസ്തികയാണ് ദുരുപയോഗം ചെയ്യുന്നത്.
തദ്ദേശ വകുപ്പിന് കീഴിൽ വരുന്ന സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ നിലവിലെ ഡയറക്ടറുടെ പ്രായപരിധി കഴിഞ്ഞതിനാൽ ഈ തസ്തികയിൽ തുടരാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ട് ഒരു വർഷത്തോളമായി.
എന്നാൽ, കഴിഞ്ഞ സർക്കാർ ഇദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര നിർദേശം അവഗണിച്ച് ചട്ടവിരുദ്ധമായി പുതിയ നിയമനം നടക്കുന്നതുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥന്റെ കാലത്ത് സൊസൈറ്റിയിൽ നടന്ന നിരവധി ഗുരുതര ക്രമക്കേടുകളെ കുറിച്ച് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ പുതിയ ഡയറക്ടറെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ അപേക്ഷകൾ ക്ഷണിച്ചു. എന്നാൽ, ഇതിനു ശേഷം പല തവണ പുതിയ നോട്ടിഫിക്കേഷനുകളിലൂടെ വീണ്ടും അപേക്ഷകൾ ക്ഷണിച്ചെങ്കിലും തുടർ നടപടികളോ അഭിമുഖം നടത്തുകയോ ചെയ്തിട്ടില്ല.
സംസ്ഥാന തൊഴിലുറപ്പ് മിഷന്റെ കീഴിൽ വരുന്ന വി.ബി.ജി റാം ജിയുടെ കീഴിൽ നടക്കുന്ന മുഴുവൻ പദ്ധതികളും സോഷ്യൽ ഓഡിറ്റ് നടത്തി റിപ്പോർട്ടുകൾ പുറപ്പെടുവിക്കേണ്ടത് ഈ സൊസൈറ്റി ആണ്. വിവിധ ജില്ലകളിൽ ഒട്ടേറെ ക്രമവിരുദ്ധ പ്രവൃത്തികൾ നടന്നതിന്റെ പരാതി നിലനിൽക്കുകയുമാണ്.
ഇവയെല്ലാം പുറത്തുവരാതിരിക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലം മുതലേ സംസ്ഥാന മിഷനിൽ തുടരുന്ന ചില ഉദ്യോഗസ്ഥ പ്രമുഖർ ചരടുവലിച്ച് ഉദ്യോഗസ്ഥനെ നിലനിർത്തുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മുൻകാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ ആയിരുന്ന ആളുകളിൽ ആരെയെങ്കിലും നിയമിച്ചാൽ അവരുടെ മേൽ സംസ്ഥാന മിഷന് നിയന്ത്രണം ഉണ്ടാകുമെന്നും അതിലൂടെ ക്രമക്കേടുകൾ പുറത്തു വരാതെ മൂടിവെച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്നുമാണ് സംസ്ഥാന തൊഴിലുറപ്പ് മിഷന്റെ കണക്കുകൂട്ടൽ. ഇതിനായി സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിൽ മുമ്പുണ്ടായിരുന്നവരെ ചട്ടംകെട്ടാനും നീക്കമാണ് അണിയറയിൽ.


