ഇനി ശരവേഗത്തിൽ മുന്നണികൾ
text_fieldsകാസർകോട്: മേയ് മാസം പ്രതീക്ഷിച്ച നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യം വന്നെത്തിയതോടെ മുന്നണികൾ ഇനി ശരവേഗത്തിൽ പ്രവർത്തനരംഗത്ത് ഇറങ്ങേണ്ടിവരും.
ജില്ലയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ്. യു.ഡി.എഫ് രണ്ട് സീറ്റിൽ മുസ്ലിം ലീഗും മൂന്ന് സീറ്റിൽ കോൺഗ്രസും എൽ.ഡി.എഫിൽ മൂന്ന് സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ സി.പി.െഎയും ഒരു സീറ്റിൽ െഎ.എൻ.എല്ലുമാണ്.
െഎ.എൻ.എൽ എൽ.ഡി.എഫ് ഘടകകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കാസർകോട് മണ്ഡലം െഎ.എൻ.എൽ സീറ്റാണ്. എന്നാൽ, അവർക്ക് ഉദുമ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ഉദുമ ആവശ്യപ്പെടാനാണ് െഎ.എൻ.എൽ നീക്കം. മുന്നണി ഭരണത്തിലേറിയിട്ടും ഒരു എം.എൽ.എയെ പോലും നിയമസഭയിൽ എത്തിക്കാനായില്ല.
ഉദുമ ലഭിച്ചാൽ അതിനു സാധിക്കുമെന്ന നിലപാടാണ് െഎ.എൻ.എൽ നേതൃത്വത്തിനുള്ളത്. എൻ.ഡി.എയിൽ ഒരു സീറ്റിൽ ബി.ഡി.ജെ.എസ് മത്സരിക്കുകയും മറ്റിടങ്ങളിൽ ബി.ജെ.പിയും എന്നതാണ് സ്ഥിതി. കാഞ്ഞങ്ങാടാണ് ബി.ഡി.ജെ.എസിനു കഴിഞ്ഞ തവണ വിട്ടുനൽകിയത്. ഏതു പാർട്ടിയിലും സ്ഥാനാർഥി നിർണയം ആയിട്ടില്ല. ഒരാഴ്ചക്കകം അത് നടക്കണം. പിന്നാലെ പ്രചാരണത്തിനിറങ്ങണം.
എവിടെയും സ്ഥാനാർഥികൾ ആയില്ല എന്നതാണ് ജില്ലയിലെ സ്ഥിതി. മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർ മാറുമെന്ന സൂചന നൽകിയിട്ടുണ്ട്. എന്നാൽ, കാഞ്ഞങ്ങാട്ട് മന്ത്രി ചന്ദ്രശേഖരൻ തന്നെ മത്സരിക്കണെമന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. അദ്ദേഹം മത്സരത്തിനില്ലെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
തൃക്കരിപ്പൂരിൽ എം. രാജഗോപാലൻ മത്സരിക്കുന്നതിന് സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ മാനദണ്ഡം തടസ്സമല്ല. അതേസമയം സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്കുവേണ്ടി ജില്ല കമ്മിറ്റിയിൽ പ്രബല വിഭാഗം പ്രവർത്തിക്കുന്നുണ്ട്. സ്ഥാനാർഥി പട്ടിക തയാറാക്കാൻ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ഒരുങ്ങുന്നുണ്ട്. ഉ
ദുമയിൽ സി.എച്ച്. കുഞ്ഞമ്പു, തൃക്കരിപ്പൂരിൽ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ എന്ന തരത്തിൽ സി.പി.എമ്മിനകത്ത് കാര്യങ്ങൾ നീങ്ങുന്നുണ്ട്. മുസ്ലിം ലീഗിൽ കാസർകോട്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. എം.എൽ.എ എന്ന നിലയിൽ പാർട്ടിയെ പിണക്കാതെ പോയ എം.എൽ.എയെന്ന ഖ്യാതി നെല്ലിക്കുന്നിനുണ്ട്. മഞ്ചേശ്വരത്ത് ഖമറുദ്ദീൻ മാറും. പകരക്കാരനെ ഉറ്റുനോക്കുകയാണ് അണികൾ.
ഉദുമയാണ് ഹോട്സ്പോട്ട് ആയി മാറിയ മണ്ഡലം. കോൺഗ്രസ് െഎ വിഭാഗത്തിെൻറ മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥിെയ ഇറക്കി ഭരണവിരുദ്ധ തരംഗത്തിെൻറ കൂടി പിൻബലത്തിൽ പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസിന് ഉണർവ് നൽകിയിട്ടുണ്ട്. ഒരു എം.എൽ.എയെ കൂടി ജയിപ്പിച്ചാൽ ജില്ലയിൽ കോൺഗ്രസ് കരുത്തുറ്റ പ്രസ്ഥാനമാകുമെന്നാണ് അവരുടെ പ്രതീക്ഷ. അടുത്തയാഴ്ച തന്നെ ജില്ലയിലെ സ്ഥാനാർഥികളാകും. ഇതുസംബന്ധിച്ച് പാർട്ടികളിൽ ആലോചനകൾ നടക്കുന്നുണ്ട്.