13 മണിക്കൂറിനിടെ 3.8 കി.മീ നീന്തൽ, 180 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം!; ‘അയൺമാൻ’ പട്ടം സ്വന്തമാക്കി ആലുവ സ്വദേശി അബ്ദുസമീഹ്
text_fieldsഅയൺമാൻ പട്ടം സ്വന്തമാക്കിയ ആലുവ സ്വദേശി അബ്ദുസമീഹ്
ചെങ്ങമനാട് (ആലുവ): ഡെന്മാർക്കിൽ നടന്ന അന്താരാഷ്ട്ര ‘അയൺമാൻ’ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി ആലുവ സ്വദേശി അബ്ദുസമീഹ്. 13 മണിക്കൂറിനുള്ളിൽ തുടർച്ചയായി 3.8 കി.മീറ്റർ നീന്തലും 180 കി. മീറ്റർ ദൂരം സൈക്ലിങ്ങും 42.2 കി. മീറ്റർ ഓട്ടവും പൂർത്തിയാക്കിയാണ് അന്താരാഷ്ട്ര അയൺമാൻ പട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും ക്ലേശകരമായ കായിക മത്സരങ്ങളിൽ ഒന്നായാണ് അയൺമാൻ പോരാട്ടത്തെ വിലയിരുത്തുന്നത്.
ഒമാനിലെ മസ്കത്തിൽ 1000ത്തിലധികം അത്‍ലറ്റുകൾ പങ്കെടുത്ത അയൺമാൻ ‘70.3’ ട്രയാത്ത്ലണിൽ 1.9 കി.മീറ്റർ നീന്തലിലും 90 കി.മീറ്റർ സൈക്ലിങ്ങിലും 21.1 കി.മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനം നേടിയാണ് ഡെന്മാർക്കിൽ നടന്ന അന്താരാഷ്ട്ര ‘ഫുൾ അയൺമാൻ’ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിൽ 15.45 മിനിറ്റിനകം മൂന്ന് മത്സരങ്ങളും പൂർത്തിയാക്കണമെന്നാണ് നിയമം. ഫൈനലിൽ പങ്കെടുത്ത മൂവായിരത്തോളം പേരിൽ 1,951 പേർ നിശ്ചിത സമയത്തിനകം മത്സരയിനം പൂർത്തിയാക്കി അയൺമാൻ പട്ടത്തിന് അർഹരായി.
സമീ വെൽത്ത് ഗ്രൂപ്പ് സി.ഇ.ഒയും ദുബായ് അൽ മനാർ ഇസ്‍ലാമിക് സ്കൂൾ പ്രിൻസിപ്പലുമാണ് സമീഹ്. ചെങ്ങമനാട് പഞ്ചായത്തിലെ ആലുവ തുരുത്ത് പുളിക്കായത്ത് വീട്ടിൽ പരേതനായ അബ്ദുറഹ്മാന്‍റേയും ജമീലയുടെയും മകനാണ്. ഭാര്യ: ഷറീന. മക്കൾ: മുഹമ്മദ് നിഹാൻ, നൈറ ഹനാൻ.