എന്നും കൂറ് പിണറായിയോട്; ന്യായീകരിക്കുന്നതിനിടയിൽ പറ്റിയ നാക്കുപിഴ
text_fieldsആലപ്പുഴ: ഇടതുപക്ഷത്തിന്‍റെ വിപ്ലവമണ്ണായ ആലപ്പുഴയിൽനിന്ന് പിണറായിക്കൂറിന്‍റെ പേരിൽ ഉദിച്ചുയർന്ന സജി ചെറിയാൻ ഇക്കുറി മന്ത്രി പരിഗണന പട്ടികയിൽ ഇടംപിടിച്ചതും ഇതേ കാരണത്താൽ. പലരെയും മാറ്റിനിർത്തിയപ്പോഴും സജിയുടെ പേര് വെട്ടിയില്ല. വി.എസ്. അച്യുതാനന്ദന്‍റെ നാട്ടിൽനിന്ന് മറുചേരിയുടെ വിശ്വസ്തനാകുന്നതിൽ ശ്രദ്ധിച്ച അദ്ദേഹത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടം നൽകാനും പിണറായി വിജയൻ പങ്കുവഹിച്ചു.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയോട് ചേർന്നുനിന്ന് ജില്ലയിൽ ശത്രുപക്ഷത്തെ ഒതുക്കുന്നതിന് യത്നിച്ചതിന്‍റെ പരിഗണന എന്നും ലഭിച്ച അദ്ദേഹം, മുഖ്യമന്ത്രിയും സർക്കാറും നേരിടുന്ന പ്രതിസന്ധിയിൽ പിണറായിയെ ന്യായീകരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി. കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ പിണറായിയെ ന്യായീകരിക്കുന്നതിനിടെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബ്ലാക്മെയിൽ ഭീഷണിമുഴക്കി. യു.ഡി.എഫ് നേതാക്കളും സരിത നായരുമായി ബന്ധപ്പെട്ട തെളിവുകൾ കൈവശമുണ്ടെന്നും അത് പുറത്തെടുപ്പിക്കരുതെന്നുമായിരുന്നു ഭീഷണി. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമർശവും നടത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് നേതാക്കൾക്കുമെതിരെ മൊഴി നൽകാൻ സോളാർ കേസ് പ്രതി സരിതയെക്കണ്ട് വൻതുക വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉൾപ്പെട്ടയാളാണ് സജി ചെറിയാൻ. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയെ 'രക്ഷിച്ചെടുക്കാൻ' ഓടുന്നതിനിടെയാണ് ഭരണഘടന അവഹേളനത്തിൽ തട്ടി വീണത്. സി.പി.എം അംഗത്വം എടുക്കുമ്പോൾ മുതൽ പാർട്ടിയിലെ തന്‍റെ വിപ്ലവഗുരുവായ ജി. സുധാകരനെയും തള്ളിയാണ് സജി ഔദ്യോഗിക പക്ഷത്തിന്‍റെ ജിഹ്വയായി വളർന്നതും സംസ്ഥാന സെക്രട്ടേറിയറ്റിൽവരെ ഇടം കണ്ടതും.
സജി ചെറിയാനെ ജില്ല സെക്രട്ടറിയാക്കുന്നതിലടക്കം മുന്നിൽനിന്ന സുധാകരനെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഒതുക്കി മൂലക്കിരുത്തുന്നതിലും സജി ചരടുവലിച്ചു. ജില്ല കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഔദ്യോഗികപക്ഷ ലേബലിൽ സജി ചെറിയാൻ ആധിപത്യം നേടുന്നതാണ് ജില്ല സമ്മേളനത്തിൽ കണ്ടത്. ചെങ്ങന്നൂരിൽ 2006ലാണ് ആദ്യമത്സരം.
അന്ന് പി.സി വിഷ്ണുനാഥിനോട് തോറ്റ് പിന്മാറി. പിന്നീട് 2018ൽ കെ.കെ രാമചന്ദ്രൻ നായർ എം.എൽ.എയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി നിയമസഭയിലെത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി. തുടർന്ന് ചെങ്ങന്നൂരിന്റെ ആദ്യമന്ത്രിയുമായി. 1980ല്‍ പാർട്ടി അംഗമായ സജി ചെറിയാൻ എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് സ്ഥാനങ്ങൾ വഹിച്ചു.