അമീബിക് മസ്തിഷ്ക ജ്വരം: വിദഗ്ധസംഘം കോഴിക്കോട്ട്
text_fieldsവിദഗ്ധ സംഘം വെള്ളിപറമ്പിലെ വീടുകളിലൊന്നിൽ സന്ദർശനം നടത്തുന്നു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കുന്നതിനിടെ രോഗവ്യാപനത്തെക്കുറിച്ച് പഠനം തുടങ്ങി. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ആരോഗ്യ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി (എൻ.ഐ.ഇ) എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് രണ്ടുവർഷമായി സംസ്ഥാനത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടും അധികൃതർ പഠനം നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെയാണ് ആരോഗ്യവകുപ്പ് പഠനത്തിന് മുൻകൈയെടുത്തത്. കോഴിക്കോട് ജില്ലയിൽനിന്നാണ് പഠനം ആരംഭിക്കുന്നത്. ഇതിന് ഐ.സി.എം.ആർ, എൻ.ഐ.ഇ സംഘം കോഴിക്കോട്ട് എത്തി.
തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ജില്ലയിൽ ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്. മൂന്ന് സംഘങ്ങളായി പഠത്തിനിറങ്ങുന്ന സംഘം രോഗികളുടെ വീടുകളിൽ സന്ദർശനം നടത്തും. വെള്ളിപറമ്പ്, അന്നശ്ശേരി, ഓമശ്ശേരി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച സന്ദർശനം നടത്തുക.
രോഗം റിപ്പോർട്ട് ചെയ്ത വീടുകളും പരിസരങ്ങളും സംഘം സന്ദർശിക്കും. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പഠനസംഘമെത്തും. സംസ്ഥാനത്ത് ഇതുവരെ ഈ വർഷം ഒക്ടോബർ വരെ 144 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 30 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
നേരത്തെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്ക് കൃത്യമായി പുറത്തുവിടാൻ പോലും ആരോഗ്യവകുപ്പ് തയാറായിരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന ബഹുഭൂരിഭാഗം കേസുകളും സംശയമെന്നുപറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു. ഇത് വാർത്തയാവുകയും ഏറെ വിമർശനത്തിനിടയാക്കുകയും ചെയ്തതോടെയാണ് ആരോഗ്യ വകുപ്പ് കണക്കുകൾ കൃത്യമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.


