സഹോദരന്റെ മകനെ ആസിഡ് ഒഴിച്ച് കൊല്ലുന്നതിനിടെ പൊള്ളലേറ്റ 83കാരിയും മരിച്ചു
text_fieldsനെടുങ്കണ്ടം: സഹോദരന്റെ മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന വയോധിക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ഏറ്റുമാനൂര്‍ കട്ടച്ചിറ കുറ്റിയാനിയില്‍ തങ്കമ്മയാണ് (83) വെള്ളിയാഴ്ച രാത്രി 11.30ഓടെ മരിച്ചത്. കമ്പംമെട്ട് നിരപ്പേക്കട ഏറ്റപ്പുറത്ത് സുകുമാരനെ (64) ആസിഡ് ഒഴിച്ച് പൊള്ളലേൽപിക്കുന്നതിനിടെ തങ്കമ്മക്കും പരിക്കേറ്റതിനാൽ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുകുമാരൻ മരിച്ചതിനെത്തുടർന്ന് ബുധനാഴ്ചയാണ് തങ്കമ്മയെ കമ്പംമെട്ട് പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിനൊടുവിൽ സുകുമാരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് തങ്കമ്മ കുറ്റംസമ്മതിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 24ന് വീട്ടിലെ സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ തലവഴി, തങ്കമ്മ റബറിന് ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിക്കുന്നതിനിടയില്‍ തങ്കമ്മയുടെ ശരീരത്തിലും ആസിഡ് വീണ് പൊള്ളലേറ്റു. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവത്തിന് 15 ദിവസം മുമ്പാണ് ഇവര്‍ കുഴിത്തോളുവിലെ സുകുമാരന്റെ വീട്ടിലെത്തിയത്.
സുകുമാരന്‍ ഡോക്ടര്‍ക്ക് നല്കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലും ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആരോഗ്യസ്ഥിതി നേരെയാവുന്നതുവരെ ആശുപത്രിയില്‍ തുടരാനാണ് പൊലീസ് നിര്‍ദേശിച്ചിരുന്നത്. ഇതിനിടെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


