കത്തിനശിച്ച കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് കാണാതായ യുവാവെന്ന് സംശയം
text_fieldsഅഞ്ചൽ: അഞ്ചൽ ഒഴുകുപാറയ്ക്കലിൽ താഴ്ചയിൽ മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തിയ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കാണാതായ യുവാവാവിന്റെതാണ് മൃതദേഹം എന്ന് സംശയിക്കുന്നു.
ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഒഴുകുപാറയ്ക്കലിൽ ഇന്ന് രാവിലെ ഏഴുമണിയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റോഡിൽനിന്ന് 50 അടിയോളം താഴ്ചയിൽ പൂർണമായും കത്തി നശിച്ച വാഗണർ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്. കഴിഞ്ഞദിവസം കാണാതായ ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് എന്നയാളാണ് മരിച്ചത് എന്നാണ് പൊലീസ് നിഗമനം.
റോഡിൽനിന്ന് കുത്തനെയുള്ള താഴ്ചയിൽ റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിലാണ് കാർ കത്തിനശിച്ച നിലയിൽ കണ്ടത്. ചടയമംഗലം, അഞ്ചൽ പൊലീസുകാർ സംഭവസ്ഥലത്തെത്തി. കൂടുതൽ പരിശോധനക്ക് ഫോറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്തെത്തും. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.