കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് നടത്തിപ്പ് ആന്ധ്രാ കമ്പനിക്ക്
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് മുതൽമുടക്കില്ലാതെ വരുമാനം നേടിക്കൊടുക്കുന്നതും ജനപ്രിയ പദ്ധതിയുമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് നടത്തിപ്പ് ആഗസ്റ്റ് 15 മുതൽ ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിങ്കു സൊലൂഷൻസിന്. ഇതിന് കമ്പനി കെ.എസ്.ആർ.ടി.സിയുമായി ധാരണയിലെത്തി.
15 മുതൽ കെ.എസ്.ആർ.ടി.സിയിൽ എത്തുന്ന കൊറിയറുകൾ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും സിങ്കു ആയിരിക്കും. ലോജിസ്റ്റിക്സ് സർവിസ് കൂടുതൽ വിപുലപ്പെടുത്താനാണ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപിച്ചതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. നാലു മാസത്തിനകം ഉപഭോക്താക്കൾക്ക് വാതിൽപ്പടി സേവനം ഉറപ്പാക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
ധാരണപ്രകാരം കൊറിയർ സർവിസ് വിപുലമാക്കുന്നതിനുള്ള സോഫ്റ്റ് വെയർ അടക്കമുള്ള സൗകര്യങ്ങൾ സ്വകാര്യ കമ്പനി ഏർപ്പെടുത്തണം. വരുമാനത്തിന്റെ 80.5 ശതമാനം കെ.എസ്.ആർ.ടി.സിക്കും 19.5 ശതമാനം സിങ്കു കമ്പനിക്കും എന്നാണ് ധാരണ. ഓരോ ദിവസത്തെയും വരുമാനം കരാർ കരസ്ഥമാക്കുന്ന ഏജൻസി കെ.എസ്.ആർ.ടി.സിയിലേക്ക് ഒടുക്കും. അതിന് ശേഷം കെ.എസ്.ആർ.ടി.സി കമ്പനിക്ക് കമീഷൻ അനുവദിക്കും. കൗണ്ടർ സൗകര്യവും ഗതാഗതവും കെ.എസ്.ആർ.ടി.സി നൽകും. ലഭ്യമായ ടെൻഡറുകളിൽ കുറഞ്ഞ കമീഷൻ ആവശ്യപ്പെട്ട കമ്പനിയെയാണ് നടത്തിപ്പിനായി തിരഞ്ഞെടുത്തത്. കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക് സർവിസിനായി പുതിയ ആപ്പ് തയാറാക്കും. ഇതിൽ കൊറിയർ നീക്കം ട്രാക്ക് ചെയ്യാനാകും.
നിലവിൽ 46 ഡിപ്പോകളിലാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക് കൗണ്ടർ ഉള്ളത്. ഇത് മൂന്നിരട്ടി വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. എന്നാൽ, കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.


