പിഴ! വലിയ പിഴ!! അങ്കമാലി സഹ. ബാങ്ക് തട്ടിപ്പിൽ 23 പേർക്ക് 121 കോടി പിഴ
text_fieldsഅങ്കമാലി: കോടികളുടെ സാമ്പത്തിക ക്രമക്കേട് അരങ്ങേറിയ അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തി. സഹകരണ വകുപ്പ് ചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച് കാണിച്ചതുമാണ് പ്രധാന കുറ്റം.
അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോൾ അടക്കമുള്ള ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകൾ ചേർത്താണ് ഭീമമായ തുക പിഴ ചുമത്തിയത്. സംഘം പ്രസിഡൻറായിരിക്കെ ആലുവയിലെ സ്വകാര്യ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പി.ടി. പോളിന് 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി.വി. പൗലോസിന് 7.32 കോടി, കെ.ജി. രാജപ്പൻ നായർക്ക് 7.35 കോടി, ടി.പി. ജോർജിന് 7.76 കോടി, പി.സി. ടോമിക്ക് 7.35 കോടി, വി.ഡി. ടോമി വടക്കുഞ്ചേരിക്ക് 7.35 കോടി, ടി.വി. ബെന്നിക്ക് 69.45 ലക്ഷം, എസ്. വൈശാഖിന് 5.10 കോടി, സെബാസ്റ്റ്യൻ മാടന് 5.13 കോടി, മാർട്ടിൻ ജോസഫിന് 5.16 കോടി, എൽസി വർഗീസിന് 2.60 കോടി, ലക്സി ജോയിക്ക് 7.32കോടി, മേരി ആൻറണിക്ക് 6.98 കോടി, കെ.എ. പൗലോസിന് 2.16 കോടി, കെ.ജെ. പോളിന് 1.05 കോടിയുമാണ് പിഴ.
പോളിനെ കൂടാതെ മരണമടഞ്ഞ ഭരണസമിതി അംഗങ്ങളായ കെ.ഐ. ജോർജ് കൂട്ടുങ്ങലിന് 2.08 കോടി, എം.ആർ സുദർശന് 31.67 ലക്ഷം, സെക്രട്ടറി ജൈബിക്ക് 1.06 കോടി എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്. ജീവനക്കാരായ സെക്രട്ടറി ബിജു കെ. ജോസിന് 10. 23 കോടിയിലധികവും കെ.ഐ. ഷിജുവിന് 6.89 കോടിയിലധികവും അനിലക്ക് 6.87കോടിയിലധികവും വി.പി. ജിപ്സിക്ക് 6.75 കോടിയോളവും കെ.ബി. ഷീലക്ക് 6.89 കോടിയിലധികവുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
സംഘത്തിൽ 96 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നത്. 126 കോടി അനധികൃതമായി വായ്പ നൽകി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ഭരണ സമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ട് ജീവനക്കാർ സസ്പെൻഷനിലുമാണ്.