കോഴ ആരോപണത്തിൽ കുരുങ്ങി അനിൽ ആന്റണി; വിഷയം ഏറ്റെടുക്കാതെ എൽ.ഡി.എഫ്
text_fieldsഅനിൽ ആന്റണി
പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ കോഴ ആരോപണത്തിൽ കുരുങ്ങി അനിൽ ആന്റണി. ആരോപണം നിഷേധിച്ച്, ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അനിൽ പറഞ്ഞെങ്കിലും പണം വാങ്ങിയതിന്റെ തെളിവായി വിഡിയോ പുറത്തുവിടുമെന്ന നന്ദകുമാറിന്റെ ഭീഷണി നിലനിൽക്കുകയാണ്. സി.ബി.ഐ സ്റ്റാൻഡിങ് കൗൺസൽ നിയമനം ശരിയാക്കാൻ അനിൽ ആൻറണിക്ക് 25 ലക്ഷം രൂപ കോഴ കൊടുത്തെന്നും അത് തിരിച്ചുകിട്ടാൻ കോൺഗ്രസ് നേതാക്കളായ പി.ജെ. കുര്യന്റെയും പി.ടി. തോമസിന്റെയും സഹായം തേടിയിരുന്നു എന്നുമാണ് നന്ദകുമാർ ആരോപിച്ചത്. പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് ഇങ്ങനെയൊരു സംഭവം അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അനിൽ ആൻറണിക്ക് നൽകിയ പണം തിരികെ കിട്ടാൻ നന്ദകുമാർ സമീപിച്ചിരുന്നുവെന്നും ഇക്കാര്യം എ.കെ. ആൻറണിയോടും അനിൽ ആന്റണിയോടും അന്നുതന്നെ പറഞ്ഞിരുന്നുവെന്നും പി.ജെ. കുര്യൻ വെളിപ്പെടുത്തി. അതേസമയം, വിഗ്രഹം മോഷ്ടിച്ച കേസിലടക്കം ജയിലിൽ പോയ ആളുടേതാണ് ആരോപണമെന്ന് പറഞ്ഞാണ് അനിൽ ആൻറണി നന്ദകുമാറിനെതിരെ തിരിച്ചടിച്ചത്. പി.ജെ. കുര്യൻ വഴി പരിചയപ്പെട്ട നന്ദകുമാർ സ്ഥലംമാറ്റവും നിയമനവും അടക്കം പല ആവശ്യങ്ങളുമായി സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. താൻ ജയിക്കുമെന്നുകണ്ട് എതിർസ്ഥാനാർഥി ആന്റോ ആൻറണി അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും അനിൽ ആൻറണി ആരോപിച്ചു.
എന്നാൽ, വിഷയം ഏറ്റെടുക്കാതെ തന്ത്രപരമായ സമീപനമാണ് ബി.ജെ.പി നേതാക്കൾ സ്വീകരിക്കുന്നത്. വിവാദം ചൂടുപിടിക്കുമ്പോഴും ഇതിൽ താൽപര്യമില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേത്. അനിൽ ആന്റണി കൂടുതൽ വോട്ട് പിടിച്ചാൽ അതിന്റെ ഗുണം തങ്ങൾക്കാകുമെന്ന വിലയിരുത്തൽ എൽ.ഡി.എഫിനുണ്ട്. അനിൽ സംശയനിഴലിൽ നിന്നാൽ അതിനുള്ള സാധ്യത ഇല്ലാതാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.


