Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്തൂരിൽ ഒമ്പത്...

ആന്തൂരിൽ ഒമ്പത് സീറ്റിൽ എൽ.ഡി.എഫ് ജയിച്ചു

text_fields
bookmark_border
ആന്തൂരിൽ ഒമ്പത് സീറ്റിൽ എൽ.ഡി.എഫ് ജയിച്ചു
cancel

കണ്ണൂർ: അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ച ആന്തൂർ നഗരസഭയിൽ നാലുസീറ്റുകളിൽ കൂടി എൽ.ഡി.എഫ് വിജയിച്ചു. ഒന്നാം വാർഡ് വെള്ളിക്കീലിൽ കെ.പി. ഷമീറ, മൂന്നാം വാർഡ് കാനൂലിൽ പാച്ചേനി വിനോദ്, നാലാം വാർഡ് മുണ്ടപ്രത്ത് ചിത്ര പി കെ, അഞ്ചാം വാർഡ് മൈലാട് ഓമന മുരളീധരൻ എന്നിവരാണ് മത്സരിച്ച് വിജയിച്ചത്.

രണ്ടാം വാർഡ് മൊറാഴയിൽ കെ.രജിത, പതിമൂന്നാം വാർഡ് കോടല്ലൂരിൽ രജിത, പതിനെട്ടാം വാർഡ് തളിയിൽ കെ വി പ്രേമരാജൻ മാസ്റ്റർ, പത്തൊൻപതാം വാർഡ് പൊടിക്കുണ്ടിൽ പ്രേമരാജന്‍ കെ, ഇരുപത്തിയാറാം വാർഡ് അഞ്ചാം പീടിക ധന്യ ടി വി എന്നിവർ എതിരില്ലാതെ ജയിച്ചിരുന്നു.

ആകെ 29 വാർഡുള്ള ആന്തൂർ നഗരസഭയിൽ 15 സീറ്റിൽ ജയിച്ചാൽ നഗരസഭ ഭരിക്കാം. കഴിഞഞ തവണ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് ആണ് വിജയിച്ചത്.

എതിർസ്ഥാനാർഥികളില്ലാത്തതിനാൽ രണ്ടാംവാർഡിൽ കെ. രജിതയും 19ൽ കെ. പ്രേമരാജനും പത്രികാസമർപ്പണം കഴിഞ്ഞപ്പോൾതന്നെ വിജയമുറപ്പിച്ചിരുന്നു. പത്രിക പുനഃപരിശോധന കഴിഞ്ഞതോ​ടെ ഇ. രജിത (വാർഡ്-13), കെ.വി. പ്രേമരാജൻ (വാർഡ്-18), ടി.വി. ധന്യ (വാർഡ്- 26) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സൂക്ഷ്മപരിശോധനയിൽ 13-ാം വാർഡായ കോടല്ലൂരിലും 18-ാം വാർഡായ തളിയിലും യു.ഡി.എഫ് സ്ഥാനാർഥികളെ നിർദേശിച്ചവർ തങ്ങളല്ല ഒപ്പിട്ടതെന്ന് സത്യവാങ്മൂലം നൽകുകയായിരുന്നു.

സൂക്ഷ്മപരിശോധന നടന്ന ശനിയാഴ്ച തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച 26-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ലിവ്യ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി വരണാധികാരിയെ നേരിട്ടറിയിച്ചതോടെ ആ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

13-ാം വാർഡായ കോടല്ലൂരിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇ. രജിത ആന്തൂർ വനിതാബാങ്ക് കലക്ഷൻ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയുമാണ്. 18-ാം വാർഡായ തളിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രേമരാജൻ നിലവിലെ ഭരണസമിതിയിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. മാങ്ങാട് എൽപി സ്കൂളിലെ മുൻ പ്രഥമാധ്യാപകനാണ്. 26-ാം വാർഡായ അഞ്ചാംപീടിക പട്ടികജാതി സംവരണസീറ്റാണ്. ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ട ടി.വി. ധന്യ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ അസിസ്റ്റന്റായി ജോലിചെയ്യുകയാണ്. ആന്തൂരില്‍ 2015ല്‍ 14 വാര്‍ഡുകളിലും കഴിഞ്ഞ തവണ ഏഴ് വാര്‍ഡുകളിലും എല്‍ഡി.എഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണ അഞ്ചായി ചുരുങ്ങി.

ആന്തൂർ അടക്കം കണ്ണൂർ ജില്ലയിൽ 14 ഇടങ്ങളിലാണ് സി.പി.എം എതിരില്ലാതെ ജയിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സി.പി.എമ്മിന്റെ നേട്ടം. ആന്തൂര്‍ നഗരസഭയില്‍ അഞ്ചു ഡിവിഷനിലും കണ്ണപുരം പഞ്ചായത്തിൽ ആറു വാർഡുകളിലും മലപ്പട്ടത്ത് മൂന്നു വാർഡുകളിലുമാണ് വിജയം. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്തിലെ ഐ.വി. ഒതേനൻ, ആറാം വാർഡിൽ സി.കെ. ശ്രേയ, കൊവുന്തല വാർഡിലെ എം.വി. ഷിഗിന എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
TAGS:anthoor municipality LDF Kerala Local Body Election 
News Summary - anthoor municipality ldf
Next Story