ലഹരി നുരയുമ്പോൾ സ്കൂളുകളിൽ ‘വിമുക്തി’ക്ക് സുഷുപ്തി
text_fieldsകാസർകോട്: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിലും ലഹരി ഉപയോഗം വർധിക്കുമ്പോഴുംഎക്സൈസ് ‘വിമുക്തി’ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലഹരിവിരുദ്ധ ക്ലബുകൾ സുഷുപ്തിയിൽ. എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ പാഠ്യേതര പരിപാടികൾ സക്രിയമായി പ്രവർത്തിക്കുമ്പോഴാണ് അപകടകരമായ മയക്കുമരുന്നിനെ പ്രതിരോധിക്കാൻ രൂപവത്കരിച്ച ലഹരിവിരുദ്ധ ക്ലബുകൾ നിഷ്ക്രിയമായത്. കുട്ടികളുടെ ശ്രദ്ധയും ചിന്തയും താൽപര്യങ്ങളും സാമൂഹിക ബോധത്തിലേക്കും സർഗാത്മക പ്രവൃത്തിയിലേക്കും തിരിച്ചുവിടാൻ രൂപംനൽകിയ ക്ലബുകളിൽ ഒരു വർഷം ഒരു പരിപാടി പോലും നടത്താൻ കഴിയുന്നില്ല. നടത്തുന്നവ പേരിനു മാത്രമാവുന്നുവെന്നാണ് ആക്ഷേപം.
2014ൽ തുടങ്ങിയ വിമുക്തി ലഹരി നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ ക്ലബുകൾ ആരംഭിച്ചത്. ഇതിൽ ‘ലഹരി’ എന്ന പദം ഇടംപിടിച്ചതുതന്നെ വിമർശന വിധേയമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകി കുടിയിരുത്തുന്നതിനായി രൂപവത്കരിച്ച പരിപാടിയായി വിമുക്തി മാറിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. സംസ്ഥാനതലത്തിൽ ഡി.ഐ.ജി റാങ്കിലുള്ള ഒരു ജോ. കമീഷണർക്കും 14 ജില്ലകളിൽ ഡിവൈ.എസ്.പി റാങ്കിലുള്ള അസി. കമീഷണർക്കും കീഴിൽ പ്രവർത്തിക്കേണ്ട ക്ലബുകൾ കാര്യമായി ഒന്നും ചെയ്യുന്നില്ല.
വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ 12,600ൽ പരം സ്കൂളുകളുള്ള സംസ്ഥാനത്ത് 5,585 ലഹരി വിരുദ്ധ ക്ലബുകൾ മാത്രമാണ് വിമുക്തിയിൽ രൂപവത്കരിച്ചത്.
സംസ്ഥാനത്ത് 75 ലക്ഷത്തിലേറെ വിദ്യാർഥികളുണ്ട്. ഒരു എക്സൈസ് ഓഫിസർക്ക് 1334 വിദ്യാർഥികൾ എന്നാണ് അനുപാതം. എന്നാൽ, സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ലോബി വട്ടംകറങ്ങുമ്പോൾ ഇടപെടാനുള്ള ശേഷി എക്സൈസിനില്ല. പൊലീസിന്റെ എണ്ണം ജനസംഖ്യക്കും കുറ്റകൃത്യങ്ങൾക്കും അനുസരിച്ച് ആനുപാതിക വർധന വരുത്താൻ ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകാറുണ്ട്. എന്നാൽ, എക്സൈസിൽ ആ രീതിയില്ല. ‘ലഹരി നിയന്ത്രിക്കേണ്ട വകുപ്പിനെ സക്രിയമാക്കാനുള്ള ഉദ്ദേശ്യം സർക്കാറിനുണ്ടാകാറില്ല’ എന്ന് എക്സൈസ് വൃത്തങ്ങൾ പറയന്നു.
‘5603 മാത്രമാണ് എക്സൈസ് സേനാബലം. ഗോവ, ബംഗളൂരു, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് വിദേശനിർമിതവും സ്വദേശനിർമിതവുമായ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നതിന്റെ ഇടനാഴിയായി മാറുന്ന കാസർകോട്ട് എക്സൈസ് സേനാബലം 200ൽ താഴെ മാത്രമാണ്. കേരളത്തിനു പുറത്തേക്ക് തുറക്കുന്ന 12 അതിർത്തി റോഡുകൾ മയക്കുമരുന്നുകളുടെ കവാടമാണെന്നും എക്സൈസ് വകുപ്പ് വൃത്തങ്ങൾ പറയുന്നു.