കാറിലെത്തി വിദ്യാർഥിനിക്ക് മയക്കുമരുന്ന് കൈമാറിയ പ്രതിയെ പൊലീസ് ഓടിച്ച് പിടിച്ചു; ഫ്ലാഷ് മോബിൽ ഫ്ലാഷടിച്ച് ജനം
text_fieldsകാസർകോട്: കാറിലെത്തിയ മയക്കുമരുന്ന് കച്ചവടക്കാർ പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകാൻ ശ്രമിക്കുന്നു. ഇതു കണ്ട കുട്ടികൾ ഓടിച്ചെന്ന് പോലീസിനെ വിവരമറിയിച്ചു. പൊലീസ് കാറിനെ പിന്തുടർന്ന് ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാസർകോട് ബസ് സ്റ്റാൻഡിൽ ഈ രംഗങ്ങൾ കണ്ട ജനം പൊലീസ് പ്രതിയെ പിടികൂടുന്നത് പകർത്താൻ മത്സരിച്ചു. എന്നാൽ അത് റിയൽ അല്ല, ഫ്ലാഷ് മോബാണെന്ന് അവരറിഞ്ഞത് പിന്നെയാണ്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ പോലീസ് ജില്ലയിലെ 48 സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ 'തൂഫാൻ' പ്രതിജ്ഞയും ബോധവൽക്കരണ പരിപാടികളുമാണ് ജനങ്ങളിൽ കൗതുകമുയർത്തിയത്. ബസ് സ്റ്റാൻഡുകൾ, വെയ്റ്റിങ് ഷെൽട്ടറുകൾ, മറ്റ് ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും ബസുകളിൽ നേരിട്ട് കയറിയും വഴിയാത്രക്കാരെ പങ്കെടുപ്പിച്ചും കേഡറ്റുകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി 150 എസ്.പി.സി. കേഡറ്റുകളോടൊപ്പം ചേർന്ന് തൂഫാൻ പ്രതിജ്ഞ നിർവഹിച്ചു. കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും ചെമ്മനാട് ജി.എച്ച്.എസ്.എസിലെയും കേഡറ്റുകളാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ചടങ്ങിന് നേതൃത്വം നൽകിയത്. ജില്ലാ പോലീസ് മേധാവി ശ്രീ. ഡി. നിധിൻ രാജ് ഐ.പി.എസ്. നേരിട്ട് ബസുകളിൽ കയറി യാത്രക്കാർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദൃശ്യാവിഷ്കാരത്തിൽ ഫൈസൽ (കാർ ഡ്രൈവർ), മോഹനൻ കുന്നുമ്മൽ (ലഹരി കച്ചവടക്കാരൻ) എന്നിവർ വേഷമിട്ടു. ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് പി.പി. കരുണാകരൻ, നാർക്കോട്ടിക് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണൻ, എസ്.എം.എസ്. ഡിവൈ.എസ്.പി. ഉത്തംദാസ്, കാസർകോട് ഇൻസ്പെക്ടർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ വിവിധ ബസുകളിൽ കയറി യാത്രക്കാർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിക്കെതിരായ ജാഗ്രതാ സന്ദേശം കൈമാറുകയും ചെയ്തു.


