പിഴത്തുക തട്ടിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി
text_fieldsകൊച്ചി: ഗതാഗത നിയമ ലംഘനത്തിന് ഈടാക്കിയ പിഴത്തുക തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വലിയിരുത്തിയാണ് വാഴക്കുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആയിരുന്ന ശാന്തി കൃഷ്ണന്റെ മുൻകൂർ ജാമ്യ ഹരജി ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ഹരജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഉടൻ കീഴടങ്ങാത്തപക്ഷം അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
മാസം തോറും ഒന്നര ലക്ഷത്തോളം രൂപ ചിട്ടി അടക്കാനും എൽ.ഐ.സി വായ്പ തുക തിരിച്ചടക്കാനും പണം ആവശ്യമായിരുന്ന ഹരജിക്കാരിക്ക് ശമ്പളമായി ലഭിച്ചിരുന്നത് 30,000 രൂപ മാത്രമായിരുന്നു. തുടർന്നാണ് ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വിലയിരുത്തി മുൻകൂർ ജാമ്യ ഹരജി കോടതി തള്ളിയത്.
ശാന്തി കൃഷ്ണൻ ഇപ്പോൾ സസ്പെൻഷനിലാണ്. ഡി.ഐ.ജി ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തു വന്നത്.