അബ്കാരി കേസിൽ ആന്‍റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകൽപറ്റ: വയനാട്ടിലെ വീട്ടിൽനിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഞായറാഴ്ച ഉച്ചക്ക് 12 മണി വരെയാണ് എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനം. എക്‌സൈസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ടിനെ തുടർന്നാണ് ശനിയാഴ്ച ആന്റോയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. നേരത്തെ, ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനു പിന്നാലെയാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹരജി പരിഗണിച്ചത്.
സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, മദ്യക്കുപ്പികൾ പിടിച്ചെടുത്ത വീടിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാൽ കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകി. വിദേശമദ്യവും വൈനും കണ്ടെത്തിയ മുട്ടിൽ സൗത്ത് വില്ലേജിലെ കെട്ടിടം തന്‍റേതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഈ വസ്തു ലേലം ചെയ്തിരുന്നു. ലില്ലി ജോസ് എന്ന വ്യക്തിയാണ് അന്ന് വീട് ലേലത്തിൽ പിടിച്ചത്. നാലു വർഷം മുമ്പ് കൈമാറിയ കെട്ടിടത്തിൽ നടന്ന കാര്യങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നാണ് ഹരജിയിലെ വാദം. ഉടമസ്ഥാവകാശം തെളിയിക്കാൻ ഹരജിക്കാരൻ കെട്ടിട നികുതിയടച്ച രേഖ പ്രോസിക്യൂഷൻ ഹാജരാക്കി.
എന്നാൽ, വീട് ലേലവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റിനാണ് കെട്ടിട നികുതി രസീതിനെക്കാൾ നിയമ സാധുതയെന്ന വാദം പ്രതിഭാഗം ഉന്നയിച്ചു. പിടിച്ചെടുത്ത മദ്യം വിൽപനക്ക് സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ രേഖകളില്ല. അനുവദനീയ അളവിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതെന്നും ഹരജിക്കാരൻ വാദിച്ചു.


