യു.ഡി.എഫിന് കീറാമുട്ടിയായി അൻവറിന്റെ മുന്നണി പ്രവേശനം
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തേക്കാൾ യു.ഡി.എഫിന് കീറാമുട്ടിയായി പി.വി. അൻവറിന്റെ മുന്നണി പ്രവേശനം മാറുന്നു. വിഷയത്തിൽ ബുധനാഴ്ച അൻവറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.
തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് അൻവർ കോൺഗ്രസിൽ ലയിക്കണമെന്നാണ് നേതാക്കൾ വെച്ച ഉപാധി. അതിന് സമ്മതമല്ലെങ്കിൽ, ഒരു കേരള പാർട്ടിയുണ്ടാക്കി മുന്നണിയുടെ ഭാഗമാകുന്നതിലും കോൺഗ്രസിന് എതിർപ്പില്ല. എന്നാൽ, തൃണമൂൽ വിട്ടുവരാൻ അൻവർ തയാറല്ല.
തൃണമൂലിനെ ഘടകകക്ഷിയാക്കിയാൽ, അതിന്റെ പേരിൽ അൻവറും കൂട്ടരും വൻ വിലപേശൽ നടത്തുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഇത്തരമൊരു നീക്കം പാർട്ടിക്ക് വൻ ബാധ്യതയാകുമെന്ന് നേതാക്കൾ കരുതുന്നു. ഈ ആശങ്കയാണ് ഹൈകമാൻഡിന്റെ എതിർപ്പ് എന്ന നിലയിൽ പുറത്തുവരുന്നത്.
വിഷയത്തിൽ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട് നിർണായകമാവും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിപ്രവേശനമെന്ന നിലപാടിൽ അൻവർ ഉറച്ചുനിൽക്കുകയാണ്. തൃണമൂലുമായി സഹകരണമെന്ന ലൈൻ കോൺഗ്രസ് മുന്നോട്ടുവെച്ചെങ്കിലും അൻവറിന് അതും സ്വീകാര്യമായിട്ടില്ല. പ്രാദേശികമായി തൃണമൂലിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിർപ്പില്ലെന്നാണ് സൂചന.
യു.ഡി.എഫിൽ അനിയന്ത്രിത വിലപേശൽ നടത്തുമോയെന്ന കേരള നേതാക്കളുടെ ഭയമാണ് തീരുമാനം വൈകാൻ കാരണം. മുന്നണിക്കുള്ളിൽ ഘടകകക്ഷിയായി വരുന്ന അൻവർ വിലപേശി പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക ലീഗിനുമുണ്ട്. അൻവറുമായുള്ള പ്രശ്നം നിലമ്പൂർ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതിലേക്ക് വളരാനുള്ള സാധ്യതയും യു.ഡി.എഫ് നേതൃത്വത്തെ അലട്ടുന്നു.
സി.പി.എം ഇത് മുതലെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചതും കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ അൻവറിനെ മെരുക്കാനുള്ള വഴികളാണ് യു.ഡി.എഫ് തേടുന്നത്. ലീഗ് ഉന്നത നേതൃത്വവും ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനു പുറമെ രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.