Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയലക്ഷ്യത്തിന്...

കോടതിയലക്ഷ്യത്തിന് പുറമെ കുറ്റകൃത്യം രഹസ്യമാക്കലും; സ്വയം കുരുക്കിലായി ശ്രീലേഖ

text_fields
bookmark_border
കോടതിയലക്ഷ്യത്തിന് പുറമെ കുറ്റകൃത്യം രഹസ്യമാക്കലും; സ്വയം കുരുക്കിലായി ശ്രീലേഖ
cancel
Listen to this Article

കൊച്ചി: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് പുറമെ കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് ക്രിമിനൽ കേസും നിലനിൽക്കുമെന്ന് നിയമ വിദഗ്ധർ. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നേരത്തേയും സമാനകുറ്റം ചെയ്തിട്ടുണ്ടെന്നും മൂന്ന് നടിമാർ പറഞ്ഞിട്ടുണ്ടെന്നുമുള്ള ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് കുരുക്കാകുക. അപ്പപ്പോൾ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് അവർ പറയുന്നുണ്ടെങ്കിലും കേസിൽനിന്ന് രക്ഷപ്പെടാൻ മതിയാകില്ലെന്നാണ് വിലയിരുത്തൽ.

പൾസർ സുനിയെക്കുറിച്ച് ഇത്തരമൊരു പരാതിയോ വെളിപ്പെടുത്തലോ സർവിസിലുള്ളപ്പോഴോ ശേഷമോ ശ്രീലേഖയിൽനിന്ന് ഉണ്ടായിട്ടില്ല. ശ്രീലേഖ അറിയിച്ചിട്ടും അവഗണിച്ചെന്ന വാദമുയർത്താമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരെന്ന് കൂടി വെളിപ്പെടുത്തണമായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 118 പ്രകാരം ശ്രീലേഖക്കെതിരെ കേസെടുക്കാമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

കോടതി പരിഗണനയിലുള്ള കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് പറഞ്ഞതിലൂടെ ശ്രീലേഖ ക്രിമിനൽ കോടതിയലക്ഷ്യമാണ് നടത്തിയത്. യഥാർഥ തെളിവാണോ പ്രതി കുറ്റക്കാരനോണോ എന്നെല്ലാം തീരുമാനിക്കേണ്ടത് കോടതിയാണ്. പൊലീസിന്‍റെ ഉന്നത സ്ഥാനത്തുനിന്ന് വിരമിച്ചയാളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത് അതിഗുരുതരമാണ്. ദിലീപ് പ്രതിയല്ലെന്ന് സമർഥിക്കാൻ ശ്രീലേഖ ചൂണ്ടിക്കാട്ടിയ ന്യായങ്ങൾ കോടതിയലക്ഷ്യമാണ്. പറഞ്ഞതിലേറെയും യാഥാർഥ്യവുമായി ബന്ധമില്ലാത്തതും വിഡ്ഢിത്തവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യാജമെന്ന് ഇവർ പറയുന്ന, നടൻ ദിലീപും പ്രതി പൾസർ സുനിയും ചേർന്നുള്ള ചിത്രം കോടതിയുടെ മുന്നിൽ തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചതാണ്. ചിത്രത്തിന്‍റെ ആധികാരികത പ്രതി ഭാഗം പോലും ചോദ്യം ചെയ്തിട്ടില്ല.

ജയിലില്‍നിന്ന് എഴുതിയെന്ന് പറയുന്ന കത്ത് പൾസർ സുനി തയാറാക്കിയതല്ലെന്ന് ശ്രീലേഖ പറയുന്നുണ്ടെങ്കിലും തെളിവായി സി.സി ടി.വി ദൃശ്യങ്ങളടക്കം കോടതിക്ക് മുന്നിലുണ്ട്. ക്രിമിനൽ നടപടി ക്രമം 161, 162 പ്രകാരം സാക്ഷി മൊഴികളിൽ സാക്ഷിയുടെ ഒപ്പ് വേണ്ട. സാക്ഷിയെ വിസ്തരിക്കുമ്പോൾ മാത്രമേ മൊഴി തെളിവായി മാറൂ. പൊലീസ് എഴുതിവെക്കുന്നത് തെളിവല്ലെന്നാണ് മുൻ ഉദ്യോഗസ്ഥ പറയുന്നതെങ്കിൽ ഒരു കേസും നിലനിൽക്കില്ല. ശ്രീലേഖയുടെ വാക്കുകൾ അവർ ഉദ്യോഗസ്ഥയായിരുന്ന കാലത്തെ അന്വേഷണങ്ങളെയും നടപടിക്രമങ്ങളെയും കൂടി സംശയത്തിലാക്കുന്നതും പരിഹസിക്കുന്നതുമാണ്.

തുടരന്വേഷണം നടക്കുന്ന കേസിലെ വെളിപ്പെടുത്തൽ പ്രേരണയുടെ ഫലമായാണോയെന്ന സംശയവുമുണ്ട്. അതേസമയം, ശ്രീലേഖയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടി ഉണ്ടായില്ലെങ്കിൽ മാത്രം നിയമനടപടി സ്വീകരിക്കാനാണ് നടിയുടെ തീരുമാനമെന്നറിയുന്നു. ഇത് കുടുംബാംഗങ്ങൾ പ്രോസിക്യൂഷനെ അറിയിച്ചിട്ടുമുണ്ട്.

ഞാൻ ജയിൽ മേധാവിയായിരുന്ന കാലത്ത് നടന്ന കാര്യങ്ങൾ ജനം അറിയണം - ശ്രീലേഖ

തിരുവനന്തപുരം: താന്‍ ജയിൽ മേധാവിയായിരുന്ന കാലത്ത് നടന്ന കാര്യങ്ങൾ ജനങ്ങൾ അറിയണമെന്നുള്ളതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും അല്ലാത്തപക്ഷം അത് അനീതിയാകുമെന്നും ശ്രീലേഖ യൂട്യൂബ് ചാനലിൽ.

പെട്ടെന്നുണ്ടായ മെൻറൽ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, ഇയർ ബാലൻസ് പ്രശ്നങ്ങൾ എന്നിവ കാരണം ദിലീപിന് ജയിലിൽ എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടർ മരുന്നുകളും ഡയറ്റ് പ്ലാനും തന്നു. അയാളുടെ സ്ഥിതി കണ്ട് രണ്ടു പായയും കമ്പിളിപ്പുതപ്പും തലയിണയും നല്ല ഭക്ഷണവും കൊടുക്കാൻ നിർദേശിച്ചിരുന്നു. ജയിലിൽ കിടന്ന പലർക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ദിലീപിന് സൗകര്യങ്ങൾ നൽകിയ ശേഷം ഇക്കാര്യങ്ങൾ ഡി.ജി.പിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ചുതന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നിൽക്കുമ്പോൾ പിറകിൽ പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം. ഇതു കണ്ടാൽത്തന്നെ ഫോട്ടോഷോപ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാൻ പറഞ്ഞു.

ഇരുവരുടെയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്തുണ്ടായി എന്നതിലും പിശകുണ്ട്. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഏറ്റുപറയാനുള്ള മാന്യത പൊലീസിനുണ്ടാകണം. പള്‍സര്‍ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇയാൾക്കെതിരെ പരാതി നൽകുന്നില്ലെന്ന് നടിമാരോട് രൂക്ഷമായി താൻ ചോദിച്ചിട്ടുണ്ട്. കരിയർ നഷ്ടം ഭയന്ന് പൈസ കൊടുത്ത് ഒതുക്കിയെന്നാണ് അവർ പറഞ്ഞതെന്നും സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറയുന്നു.

Show Full Article
TAGS:R Sreelekha IPS contempt of court 
News Summary - Apart from contempt of court, concealment of crime; Sreelekha got herself into a trap
Next Story